ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യം പിഎസ്ജി-യുനൈറ്റഡ് പോര്
റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ എന്നിവര്‍ നാളെയിറങ്ങും.
പാരിസ്:യൂവേഫാ ചാംപ്യന്‍സ് ലീഗിന് ഇന്ന് അര്‍ദ്ധരാത്രിയോടെ തുടക്കം.ആദ്യ ദിനം നിലവിലെ റണ്ണറപ്പായ പിഎസ്ജിക്കൊപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ബാഴ്‌സലോണ, സെവിയ്യ എന്നിവര്‍ ഇറങ്ങും. റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ എന്നിവര്‍ നാളെയിറങ്ങും. ആദ്യ ദിനത്തിലെ ത്രില്ലിങ് മല്‍സരം ഗ്രൂപ്പ് എച്ചില്‍ പിഎസ്ജിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ്. വമ്പന്‍ ഫോമിലുള്ള പിഎസ്ജിയെ പിടിച്ചുകെട്ട അസാധ്യമാണ്. നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ടാണ് പിഎസ്ജിയുടെ ശക്തി. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ വിജയിച്ചെങ്കിലും യുനൈറ്റഡിന്റെ മോശം ഫോം ടീമിന് തിരിച്ചടിയാണ്. യുനൈറ്റഡിനായി മഗ്വയര്‍, എറിക് ബയി എന്നിവര്‍ ഇന്ന് കളിക്കില്ല. ബ്രൂണോ ഫെര്‍ണാണ്ടസാണ് യുനൈറ്റഡിനെ ഇന്ന് നയിക്കുക. കൂടാതെ മാര്‍ഷ്യല്‍, കവാനി, ഗ്രീന്‍വുഡ് എന്നിവരും യുനൈറ്റഡ് ടീമില്‍ തിരിച്ചെത്തിയിട്ടില്ല. മാര്‍ക്കോ വെറാട്ടി, പെരഡസ് എന്നിവരും പിഎസ്ജിയ്ക്കായി ഇന്ന് ഇറങ്ങില്ല. അര്‍ദ്ധരാത്രി 12.30ന് പാരിസില്‍ വച്ചാണ് മല്‍സരം നടക്കുക.
ഗ്രൂപ്പ് ജിയിലുള്ള ബാഴ്‌സലോണയുടെ എതിരാളികള്‍ ഹംഗേറിയന്‍ ചാംപ്യന്‍മാരായ ഫെറന്‍വറോസിയാണ്. ഗ്രൂപ്പ് ഇയില്‍ ചെല്‍സിയുടെ എതിരാളികള്‍ സെവിയ്യയാണ്. ഗ്രൂപ്പ് എഫില്‍ ലാസിയോ ബോറൂസിയാ ഡോര്‍ട്ട്മുണ്ടുമായി കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് എച്ചിലെ മറ്റൊരു പോരാട്ടത്തില്‍ ആര്‍ ബി ലെപ്‌സിഗ് ഇസ്താംബൂള്‍ ബാസകസെഹറിനെയും നേരിടും. ലോക ഫുട്‌ബോള്‍ പ്രീമികള്‍ കാത്തിരിക്കുന്ന ബാഴ്‌സലോണ-യുവന്റസ് പോരാട്ടം ഈ മാസം 28നാണ്. റൊണാള്‍ഡോ റയല്‍ വിട്ട് ഇറ്റലിയിലെത്തിയതിന് ശേഷം ഫുട്‌ബോള്‍ പ്രീമികള്‍ക്ക് റോണോ -മെസ്സി പോരാട്ടം കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ പോരാട്ടത്തിനാണ് 28ാം തിയ്യതി സാക്ഷ്യം വഹിക്കുന്നത്.