ചാംപ്യന്‍സ് ലീഗില്‍ യുവന്റസും മാഡ്രിഡും നേര്‍ക്കു നേര്‍; സിറ്റിയും ഇന്നിറങ്ങും
ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍. ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്വപ്‌ന വിരുന്നൊരുക്കുന്ന പോരാട്ടങ്ങളാണ് യൂറോപ്പില്‍ ഇന്നരങ്ങേറുക. ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്ക് എന്നിവര്‍ ഇന്നിറങ്ങും. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ എതിരാളികള്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡാണ്. രണ്ട് ലീഗിലും യുവന്റസും മാഡ്രിഡും തകര്‍പ്പന്‍ ഫോമിലാണ്. മല്‍സരത്തില്‍ യുവന്റസിനാണ് മുന്‍തൂക്കം. മല്‍സരം രാത്രി 12.30നാണ്.
ഉക്രെയ്ന്‍ ക്ലബ്ബായ ഷക്കത്തര്‍ ഡൊനെറ്റസ്‌കിനെയാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി നേരിടുന്നത്. ഈ മല്‍സരം രാത്രി 10നാണ് നടക്കുക. പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലാണെങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ തോറ്റത് സിറ്റിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷത്ത റണ്ണര്‍ അപ്പായ ടോട്ടന്‍ഹാം ഗ്രീക്ക് ക്ലബ്ബായ ഒളിപിയാക്കോസിനെയാണ് നേരിടുക. ജര്‍മ്മന്‍ ക്ലബ്ബ് ബയേണിന്റെ എതിരാളി സെര്‍ബിയന്‍ ക്ലബ്ബായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ്.