മെസ്സിയുടെ മാന്ത്രിക കാലില്‍ ബാഴ്‌സയ്ക്ക് ഗംഭീര വിജയം

എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26ാം മിനിറ്റില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസ്സി ലിവര്‍പൂളിനെ കശക്കിയെറിഞ്ഞു.

Update: 2019-05-02 03:44 GMT

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ലയണല്‍ മെസ്സിയുടെ ഗംഭീര പ്രകടനത്തില്‍ ലിവര്‍പൂളിനെ തളച്ച് ബാഴ്‌സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26ാം മിനിറ്റില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസ്സി ലിവര്‍പൂളിനെ കശക്കിയെറിഞ്ഞു. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയായിരുന്നു 82ാം മിനിറ്റിലെ മെസ്സിയുടെ രണ്ടാം ഗോള്‍. ഇതോടെ ബാഴ്‌സ ജഴ്‌സിയില്‍ മെസി 600 ഗോള്‍ തികച്ചു. കൂടുതല്‍ സമയം ലിവര്‍പൂള്‍ പന്ത് കാല്‍ക്കല്‍ വെച്ചിട്ടും ബാഴ്‌സ അനായാസം ജയിച്ചുകയറി. ലിവര്‍പൂളിന്റെ തട്ടകത്തില്‍ മെയ് എട്ടിന് രണ്ടാം പാദ സെമി നടക്കും.

നൗകാമ്പില്‍ 82ാം മിനിറ്റില്‍ 20 വാര അകലെ നിന്ന് ലിവര്‍പൂള്‍ കാവല്‍ഭടന്‍മാരെയും ചോരാത്ത കൈകളുള്ള അലിസണെയും ചാമ്പലാക്കിയ സുന്ദരന്‍ കിക്കിലൂടെയാണ് മെസ്സി 600ാം ഗോള്‍ തികച്ചത്. ബാഴ്‌സ കുപ്പായത്തില്‍ 683 മല്‍സരങ്ങള്‍ കൊണ്ടാണ് മെസ്സി 600 തികച്ചത്. 14 വര്‍ഷം മുന്‍പ് 2005 മെയ് ഒന്നിന് ലാഗിഗയിലൂടെയാണ് മെസ്സി കറ്റാലന്‍ ടീമില്‍ വരവറിയിച്ചത്. ഗോള്‍ ബാറിനെ ഭേദിച്ച 600ല്‍ 491 ഗോളുകളും മെസ്സിയുടെ ഇടംകാലില്‍ നിന്നുള്ള ചാട്ടുളികളായിരുന്നു. 85 എണ്ണം വിമര്‍ശകരുടെ വായടപ്പിച്ച് വലംകാലില്‍ നിന്ന് വല തുളച്ചവ. ഉയരത്തെ ചാടിത്തോല്‍പിച്ച മികവ് കൊണ്ട് 22 ഗോളുകള്‍ തലയില്‍ നിന്ന് വലയിലേക്ക് ഉതിര്‍ന്നുവീണു. 

Tags:    

Similar News