റൊണാള്‍ഡോയെ വില്‍ക്കാന്‍ യുവന്റസ്; വാങ്ങാനൊരുങ്ങി പിഎസ്ജി
സൂപ്പര്‍ താരം നെയ്മറെ പിഎസ്ജിയില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ടൂറിന്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുവന്റസ് വില്‍ക്കാനൊരുങ്ങുന്നു. റോണോയെ റാഞ്ചാന്‍ ഒരുങ്ങി ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജി മുന്നില്‍. യുവന്റസ് നേരിടുന്ന സാമ്പത്തിക മാന്ദ്യം ആണ് താരത്തെ വില്‍ക്കാനൊരുങ്ങുന്നതിന്റെ പിന്നില്‍. വര്‍ഷം 28 മില്ല്യണ്‍ യൂറോയാണ്് റൊണാള്‍ഡോയ്ക്ക് വേതന ഇനത്തില്‍ മാത്രം നല്‍കേണ്ടത്. ഇത്രയും വലിയ തുക യുവന്റസിന് വന്‍ ബാധ്യതയാണ്. ഡിബാല പോലൂള്ള സൂപ്പര്‍ താരങ്ങളുടെ പ്രതിഫലത്തേക്കാള്‍ അഞ്ചിരട്ടിയാണ് റോണോയുടെ പ്രതിഫലം. കൊറോണയെ തുടര്‍ന്ന് വന്ന സാമ്പത്തിക മാന്ദ്യം ക്ലബ്ബിനെയും സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത സമ്മര്‍ സീസണില്‍ താരത്തെ വില്‍ക്കാനാണ് യുവന്റസ് ആലോചിക്കുന്നത്. പ്രായമായ റൊണാള്‍ഡോയ്ക്കായി ഇത്രയും പണം ചെലവഴിക്കുന്നത് ശരിയല്ലെന്നുമാണ് യുവന്റസ് കണക്കുകൂട്ടല്‍. കൂടാതെ റയല്‍ മാഡ്രിഡില്‍ ഉള്ള ഫോം താരം യുവന്റസില്‍ തുടരുന്നില്ല. ചാംപ്യന്‍സ് ലീഗ് കിരീടം പ്രതീക്ഷിച്ചാണ് റൊണാള്‍ഡോയെ യുവന്റസ് ഇറ്റലിയിലേക്ക് എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും യുവന്റസിന് ചാംപ്യന്‍സ് ലീഗില്‍ തിളങ്ങാന്‍ പോലും ആയിട്ടില്ല. കാര്യമായ നേട്ടമില്ലാതെ റൊണാള്‍ഡോയ്ക്ക് ഇത്രയും തുക വേതനയിനത്തില്‍ നല്‍കാന്‍ ക്ലബ്ബിന് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ യുവന്റസിലെ സഹതാരങ്ങളോട് റൊണാള്‍ഡോ ബഹുമാനക്കുറവ് കാണിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പിഎസ്ജി ചീഫ് ലിയാനാര്‍ഡോയാണ് റൊണാള്‍ഡോയെ വാങ്ങാന്‍ ആഗ്രഹമുള്ള വാര്‍ത്ത പുറത്ത് വിട്ടത്. യുവന്റസ് താരത്തെ വില്‍ക്കാന്‍ ഒരുങ്ങുന്നുവെങ്കില്‍ വാങ്ങാന്‍ പിഎസ്ജി തയ്യാറാണെന്നാണ് ലിയാനാര്‍ഡോ അറിയിച്ചത്. അടുത്ത സമ്മര്‍ സീസണില്‍ റൊണാള്‍ഡോയ്ക്കായി ഞങ്ങളാണ് മുന്നിലുണ്ടാവുകയെന്നും ലിയാനാര്‍ഡോ അറിയിച്ചു. എന്നാല്‍ താരത്തിന്റെ് വേതനം വെട്ടികുറക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
സൂപ്പര്‍ താരം ബ്രസീലിന്റെ നെയ്മറെ പിഎസ്ജിയില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടാനാണ് ക്ലബ്ബിന്റെ ആലോചന.