പിഎസ്ജിയുടെ നെഞ്ച് പിളര്‍ത്തി കിങ്സ്ലി കോമാന്‍; ചാംപ്യന്‍സ് ലീഗില്‍ ബയേണിനോടും തോല്‍വി
പിഎസ്ജി അക്കാഡമിയിലൂടെയാണ് കോമാന്‍ കരിയറിന് തുടക്കമിട്ടത്.
പാരിസ്: ഫ്രഞ്ച് ഭീമന്‍മാര്‍ പിഎസ്ജിയുടെ തകര്‍ച്ച തുടരുന്നു. ഇന്ന് ചാംപ്യന്‍സ് ലീഗില്‍ നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ബയേണ്‍ മ്യുണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയുടെ താരനിര പരാജയപ്പെട്ടു. നെയ്മര്‍, മെസ്സി എന്നിവര്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് ബയേണ്‍ മല്‍സരത്തില്‍ ആധിപത്യം നേടിയത്. 72ാം മിനിറ്റ് വരെ പിഎസ്ജിയുടെ കരുത്തന്‍മാര്‍ക്ക് ഒരു അവസരം സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയിലിറങ്ങിയ കിലിയന്‍ എംബാപ്പെ രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും രണ്ടും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. എംബാപ്പെ കളത്തിലിറങ്ങിയതോടെയാണ് പിഎസ്ജി നിര മല്‍സരത്തിലേക്ക് തിരിച്ച് വന്നത്.
53ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്. മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജിയുടെ സ്വപ്‌നം തകര്‍ത്ത് ബയേണിന് കിരീടം നേടികൊടുത്ത വിജയഗോള്‍ നേടിയത് ഫ്രഞ്ച് താരമായ കോമാന്‍ തന്നെയായിരുന്നു. പിഎസ്ജി അക്കാഡമിയിലൂടെയാണ് കോമാന്‍ കരിയറിന് തുടക്കമിട്ടത്. ഫ്രഞ്ച് ലീഗ് വണ്ണടക്കം പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. ബയേണാവട്ടെ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. മാര്‍ച്ച് എട്ടിനാണ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരം. ബയേണിന്റെ ഹോം ഗ്രൗണ്ടില്‍ ജയിക്കുക പിഎസ്ജിക്ക് അസാധ്യമായിരിക്കും.