പിവി ശ്രീനിജന്‍ എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്

Update: 2023-06-30 05:48 GMT

കൊച്ചി: എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയഷന്‍ പ്രസിഡന്റായി കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് എംഎല്‍എ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷ പദവിയില്‍ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനില്‍ക്കെയാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ അദ്ധ്യക്ഷ പദവിയില്‍ ശ്രീനിജന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.


കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തടഞ്ഞ് ഗ്രൗണ്ട് പൂട്ടിയിട്ടതില്‍ ശ്രീനിജന്‍ വിവാദങ്ങള്‍ നേരിടുമ്പോഴാണ് ജില്ലയിലെ ഫുട്‌ബോള്‍ ക്ലബുകളുടെ പിന്തുണയോടെ ശ്രീനിജന്‍ വീണ്ടും അദ്ധ്യക്ഷനാകുന്നത്. പരിശീലനത്തിന് വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ അകത്ത് കടക്കാന്‍ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ട നടപടി സംസ്ഥാന തലത്തില്‍ വിവാദമായിരുന്നു. തനിക്ക് ഇതില്‍ പങ്കില്ലെന്നാണ് ശ്രീനിജന്‍ ക്ലബുകളോട് വിശദീകരിച്ചത്. വിവാദം നിലനില്‍ക്കെ സിപിഎമ്മും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷ പദത്തില്‍ ശ്രീനിജന്‍ തുടരേണ്ടതില്ലെന്ന നിലപാടിലാണ്. എംഎല്‍എ എന്ന നിലയില്‍ ഇരട്ട പദവി ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട്.

എതിരില്ലാതെയാണ് കുന്നത്തുനാട് എംഎല്‍എയായ പിവി ശ്രീനിജന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ഫുട്‌ബോള്‍ അസോസിയേഷന്റെ നോമിനിയായി സ്‌പോര്‍ട്‌സ് കമന്റേറ്ററായ ഷൈജു ദാമോദരനും തെരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷന്‍ സെക്രട്ടറി. ദിനേശ് കമ്മത്ത് ട്രഷറായി തെരഞ്ഞെടുക്കപ്പെട്ടു. 56 ക്ലബുകള്‍ക്കാണ് എറണാകുളം ജില്ലയില്‍ വോട്ടിംഗ് അവകാശമുള്ളത്. ഓഗസ്റ്റിലാണ് സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്.





Tags:    

Similar News