ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം തള്ളി നോര്‍വെ
ഞായറാഴ്ച ചേര്‍ന്ന നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമറിയിച്ചത്.
ദോഹ: ഗള്‍ഫ് രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരണിക്കണമെന്ന താഴെതട്ടില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ അവഗണിച്ച് നോര്‍വെ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഞായറാഴ്ച ചേര്‍ന്ന നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമറിയിച്ചത്. ഫെഡറേഷനിലെ 368 അംഗങ്ങള്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ 121 അംഗങ്ങള്‍ മാത്രമാണ് ബഹിഷ്‌കരണത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
ഖത്തറിലെ ലോകകപ്പില് കളിക്കുന്നത് നിര്‍ഭാഗ്യവശാല്‍ സെമിത്തേരിയില്‍ കളിക്കുന്നത് പോലെയാണെന്നാണ് നോര്‍വെയുടെ പങ്കാളിത്തത്തെ എതിര്‍ക്കുന്ന വിഭാഗം ഉന്നയിക്കുന്നത്. ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം സംഘങ്ങളുടെ ബഹിഷ്‌കരണാഹ്വാനം.
ഫുട്‌ബോളിന്റെ പേരില്‍ ആളുകള്‍ മരിക്കുന്നത് നമുക്ക് നോക്കിയിരിക്കാന്‍ ആവില്ലെന്നായിരുന്നു രാജ്യത്തെ മുന്‍നിര ക്ലബായ ട്രോംസോ ഐ.എല്‍ പറഞ്ഞത്. അതേസമയം, 2000ലെ യൂറോ കപ്പിന് ശേഷം പ്രധാനപ്പെട്ട ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കും നോര്‍വെ ദേശീയ ടീം യോഗ്യത നേടിയിട്ടില്ല. നിലവില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് നോര്‍വെ. നോര്‍വെ യോഗ്യത റൗണ്ടിലെ തുടര്‍ മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടോ എന്ന് നിര്‍ണയിക്കുന്നതിന് വേണ്ടി കൂടിയാണ് വോട്ടെടുപ്പ് നടത്തിയത് എന്നാണ് കരുതുന്നത്.