റയലിന്റെ കരാര്‍ തള്ളി റാമോസ്; ഓഫറുമായി സിറ്റിയും പിഎസ്ജിയും
റയലില്‍ 30 വയസ്സ് കഴിഞ്ഞ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് നല്‍കാറുള്ളത്.
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പുതിയ കരാര്‍ നിരസിച്ച് സ്‌പെയിന്‍ താരം സെര്‍ജിയോ റാമോസ്. റയല്‍ മാഡ്രിഡ് ക്യാപ്റ്റനായ സെര്‍ജിയോ റാമോസിന് ഒരു വര്‍ഷത്തെ പുതിയ കരാറാണ് ക്ലബ്ബ് നല്‍കിയത്. എന്നാല്‍ താരം ഇത് നിരസിക്കുകയായിരുന്നു. വരുന്ന ജൂണ്‍ 30നാണ് റയലിന്റെ എക്കാലത്തെയും മികച്ച താരമായ റാമോസിന്റെ കരാര്‍ അവസാനിക്കുന്നത്. റയലില്‍ 30 വയസ്സ് കഴിഞ്ഞ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് നീട്ടിനല്‍കാറുള്ളത്. എന്നാല്‍ ഈ തീരുമാനത്തോട് വിയോജിച്ചാണ് റാമോസ് കരാര്‍ ഒഴിവാക്കിയത്. തനിക്ക് രണ്ടോ അതില്‍ കൂടുതല്‍ വര്‍ഷമോ കരാര്‍ നീട്ടണമെന്നാണ് റാമോസിന്റെ ആവശ്യം. എന്നാല്‍ ക്ലബ്ബ് ഇത് നിരസിക്കുകയായിരുന്നു. അതിനിടെ കോച്ച് സിദാന് റാമോസ് ക്ലബ്ബില്‍ നീണ്ട കാലം തുടരണമെന്നാണ് ആഗ്രഹം. വന്‍ ഫോമിലുള്ള റാമോസിന് കരാര്‍ കൂടുതല്‍ നീട്ടിനല്‍കാത്തതില്‍ സിദാനും അതൃപ്തിയുണ്ട്. എന്നാല്‍ റയലില്‍ നിയമം ഇതിന് അനുവദിക്കുന്നില്ല. ഒരു വര്‍ഷത്തെ കരാര്‍ നല്‍കുന്നതോടെ റാമോസിന് ഫ്രീ ഏജന്റായി മറ്റ് കബ്ലുകളോടെ ചര്‍ച്ച തുടരാം. ഇതോടെ താരത്തിന് ക്ലബ്ബ് വിടാനും കഴിയും. റാമോസിനെ പോലെ മറ്റൊരു താരമായ ലൂക്കാസ് വാസ്‌കസും റയലിന്റെ കരാര്‍ നീട്ടാന്‍ വിസമ്മതിച്ചിട്ടുണ്ട്. റയലിലെ ഏറ്റവും താരമൂല്യമുള്ള റാമോസിന്റെ വന്‍ പ്രതിഫലം റയലിന് താങ്ങാന്‍ കഴിയാത്തതും കരാര്‍ നീട്ടാത്തതിന്റെ കാരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം ക്ലബ്ബിനെയും സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. താന്‍ ക്ലബ്ബ് വിടാന്‍ തയ്യാറാണെന്നും മറ്റ് ക്ലബ്ബുകളുമായി ചര്‍ച്ച തുടരുന്നുണ്ടെന്ന് റാമോസ് റയല്‍ പ്രസിഡന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ റാമോസിനെ റാഞ്ചാന്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലുണ്ട്. റാമോസിന്റെ റയലിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും കരാര്‍ നീട്ടിയില്ലെങ്കില്‍ മികച്ച ഓഫറുമായി റാമോസിനെ സമീപിക്കുമെന്ന് സിറ്റി ഗ്രൂപ്പ് അറിയിച്ചു. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയും തന്നെ സമീപിച്ചിട്ടുണ്ടെന്ന് റാമോസ് ഇതിനിടോകം അറിയിച്ചിരുന്നു.