രണ്ട് വര്‍ഷത്തെ ഇടവേള; റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്
റയല്‍ 2019ല്‍ അയാകസിനോടും 2020ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്താവുകയായിരുന്നു.
മാഡ്രിഡ്: രണ്ട് സീസണുകള്‍ക്ക് ശേഷം സ്പാനിഷ് പ്രമുഖരായ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. ഇരുപാദങ്ങളിലുമായി 4-1ന്റെ അഗ്രിഗേറ്റ് സ്‌കോറിലാണ് സിദാനും സംഘവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോളിന് ജയിച്ച റയല്‍ ഇന്ന് നടന്ന രണ്ടാം പാദത്തില്‍ 3-1ന്റെ ജയമാണ് നേടിയത്. കരീം ബെന്‍സിമ(34), സെര്‍ജിയോ റാമോസ്(60), അസന്‍സിയോ(84) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. മൊഡ്രിച്ച്, വാസ്‌ക്വസ് എന്നിവരാണ് അസിസ്റ്റ് ഒരുക്കിയത്.
ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ചാംപ്യന്‍സ് ലീഗില്‍ 70 ഗോള്‍ നേടുന്ന അഞ്ചാമത്തെ താരമായി ബെന്‍സിമ.ഇതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ലെവന്‍ഡോസ്‌കി, റൗള്‍ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2014 മുതല്‍ 2018 വരെയുള്ള അഞ്ച് സീസണുകളില്‍ നാല് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ 2019ല്‍ അയാകസിനോടും 2020ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്താവുകയായിരുന്നു.