ചാംപ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിന് ആദ്യ ജയം; ഡിബാല മികവില്‍ യുവന്റസ്

Update: 2019-10-23 03:40 GMT

ഇസ്താംബൂള്‍: ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ആദ്യ ജയം. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ തുര്‍ക്കി ക്ലബ്ബ് ഗലറ്റസറെയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. തുര്‍ക്കിയില്‍ നടന്ന മല്‍സരത്തില്‍ റയലിന്റെ തനത് പ്രകടനം പുറത്ത് വന്നില്ല. തുടര്‍ന്ന് 18ാം മിനിറ്റില്‍ ഹസാര്‍ഡിന്റെ പാസ്സില്‍ നിന്നും ക്രൂസ്സാണ് റയലിന്റെ വിജയ ഗോള്‍ നേടിയത്. 27 ഷോട്ടുകള്‍ റയല്‍ തൊടുത്തിരുന്നെങ്കിലും ഒരു ഗോള്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ജയത്തോടെ ഗ്രൂപ്പില്‍ റയല്‍ രണ്ടാമതെത്തി.

ഗ്രൂപ്പില്‍ ഡിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസ് തകര്‍പ്പന്‍ ജയം നേടി. റഷ്യന്‍ ക്ലബ്ബായ ലോക്കോമോറ്റീവ് മോസ്‌കോയെ 2-1നാണ് യുവന്റസ് മറികടന്നത്. പൗളോ ഡിബാലയുടെ രണ്ടാം പകുതിയിലെ രണ്ട് ഗോളുകളാണ് യുവന്റസിന്റെ രക്ഷയ്‌ക്കെത്തിയത്. അല്‍ മിറാന്‍ചുക്കിന്റെ 30ാം മിനിറ്റിലെ ഗോളാണ് മോസ്‌കോയ്ക്ക് ലീഡ് നല്‍കിയത്. തുടര്‍ന്ന് ആഞ്ഞ് പൊരുതിയെങ്കിലും യുവന്റസിന്റെ ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് അര്‍ജന്റീനന്‍ താരം ഡിബാല യുവന്റസിന് തുണയായത്. 77, 79 മിനിറ്റുകളിലായി ഡിബാല യുവന്റസിനായി സ്‌കോര്‍ ചെയ്തു. ജയത്തോടെ യുവന്റസ് ഗ്രൂപ്പില്‍ ഒന്നാമതെത്തി.

Similar News