ചാംപ്യന്‍സ് ലീഗ്; റയലിനെ റൊഡ്രിഗോ രക്ഷിച്ചു; ഇന്ററിന് തോല്‍വി
സബ്ബായി ഇറങ്ങിയ ബ്രസീലിന്റെ പുത്തന്‍ താരോദയം റൊഡ്രിഗോ റയലിന് ജയമൊരുക്കുകയായിരുന്നു.
മാഡ്രിഡ്: ഒടുവില്‍ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ആദ്യ ജയം.ഇന്ന് ഇന്റര്‍ മിലാനെതിരേ നേടിയ 3-2ന്റെ ജയമാണ് മാഡ്രിഡിന് ആശ്വാസമേകിയത്. ഒരു വേള മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയെങ്കിലും സബ്ബായി ഇറങ്ങിയ ബ്രസീലിന്റെ പുത്തന്‍ താരോദയം റൊഡ്രിഗോ റയലിന് ജയമൊരുക്കുകയായിരുന്നു. കരീം ബെന്‍സിമയാണ് (25) റയലിന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് സെര്‍ജിയോ റാമോസ് (33) രണ്ടാം ഗോളും നേടി. എന്നാല്‍ മാര്‍ട്ടിന്‍സിലൂടെ ഇന്റര്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഒരു ഗോള്‍ നേടി.തുടര്‍ന്ന് 68ാം മിനിറ്റില്‍ പെരിസിക്കിലൂടെ ഇന്റര്‍ സമനില ഗോളും നേടി. എന്നാല്‍ സൂപ്പര്‍ സബ്ബായി വന്ന റൊഡ്രിഗോ 80ാം മിനിറ്റില്‍ റയലിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു. ജയത്തോടെ റയല്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്തെത്തി. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റസ്‌കിനെ എതിരില്ലാത്ത ആറ് ഗോളിന് ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ മൊഗ്ലബെഷ് തോല്‍പ്പിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ലോകോമോറ്റീവ് മോസ്‌കോ 1-1 സമനിലയില്‍ കുരുക്കി. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ മാര്‍സിലെയെ എഫ് സി പോര്‍ട്ടോ മൂന്ന് ഗോളുകള്‍ക്കും തോല്‍പ്പിച്ചു. താര പ്രഭയില്ലാതെയിറങ്ങിയ അയാക്‌സ് മിഡിറ്റ്‌ലാന്റിനെതരിേ 2-1ന്റെ ജയവും നേടി.