സഞ്ജു സാംസണ്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍

ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ആദ്യമായി സഞ്ജു സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2023-02-06 12:56 GMT

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഞാന്‍ എപ്പോഴും ഒരു ഫുട്‌ബോള്‍ ആരാധകനാണെന്നും, അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായതിനാല്‍ ഫുട്‌ബോള്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസണ്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണ്. ഫുട്‌ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ലബ്ബ് അതിന്റെ തുടക്കം മുതല്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും സഞ്ജുവും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ ആരാധകരുമായും പിന്തുണക്കാരുമായും ഇടപഴകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കും.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ചൊവ്വാഴ്ച നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 26ന് സീസണിലെ അവസാന മത്സരത്തില്‍ ക്ലബ് ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ആദ്യമായി സഞ്ജു സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Tags:    

Similar News