സന്തോഷ് ട്രോഫി സെമിയും ഫൈനലും റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടുകള്‍ നാളെ മുതല്‍ ഫെബ്രുവരി 20 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കും.
റിയാദ്: ചരിത്രത്തില്‍ ആദ്യമായി സന്തോഷ ട്രോഫി വിദേശത്ത് നടക്കുന്നു. ഈ സീസണിലെ രണ്ട് സെമിയും ഫൈനലുമാണ് റിയാദില്‍ നടക്കുന്നത്. റിയാദിലെ കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെയാണ് മല്‍സരങ്ങള്‍. എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഡോ ഷാജി പ്രഭാകരന്‍, എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഒഡീഷ ഫുട്ബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അവിജിത് പോള്‍ എന്നിവര്‍ ഇന്ന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മല്‍സരത്തിന്റെ സമയവും തിയ്യതിയും ഫൈനല്‍ റൗണ്ടിന് ശേഷം അറിയിക്കും.
സെമി ഫൈനലിനു മുമ്പ് ഉള്ള ഹീറോ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടുകള്‍ നാളെ മുതല്‍ ഫെബ്രുവരി 20 വരെ ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കും. ഫൈനല്‍ റൗണ്ടുകളില്‍ പന്ത്രണ്ട് ടീമുകള്‍ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിക്കുന്നത് റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ ആകും കളി. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ക്ക് സെമി ഫൈനലിന് യോഗ്യത ലഭിക്കും. അവരാകും റിയാദിലേക്ക് യാത്ര തിരിക്കുക. നാളെ കേരളം അവരുടെ ആദ്യ മത്സരത്തില്‍ ഗോവയെ നേരിടും. കേരളം ആണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാര്‍.