മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരീം ബെന്‍സിമയുടെ അവസാന നിമിഷ ഗോളില്‍ ഹുസ്‌ക്കായെ 3-2ന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. പുതിയ കോച്ച് സിദാന്റെ കീഴിലെ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. സിദാന്റെ മകന്‍ ലൂക്കായുടെ റയലിലെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഗോള്‍ കീപ്പറാണ് 20 കാരനായ ലൂക്കാ. എന്നാല്‍ മോശം തുടക്കമാണ് ലൂക്കായ്ക്ക് ലഭിച്ചത്. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഹെര്‍ണാണ്ടസ് റയല്‍ വല കുലുക്കി ഹുസ്‌ക്കായ്ക്ക് ലീഡ് നല്‍കി. റയല്‍ ക്യാംപ് ഇത് ഞെട്ടലോടെയാണ് കണ്ടത്. എന്നാല്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ 25ാം മിനിറ്റില്‍ ഐസ്‌ക്കോയുടെ ഗോളിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച റയല്‍ സെബാലോസിലൂടെ 62ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ നേടി ടീമിന്റെ ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍ 74ാം മിനിറ്റില്‍ എറ്റക്‌സിറ്റാ നേടിയ ഗോളോടെ ഹുസ്‌ക്കാ വീണ്ടും ഒപ്പത്തിനൊപ്പമെത്തി. സമനിലയില്‍ എത്തുമെന്ന കരുതിയ മല്‍സരത്തെ മാറ്റി മറിച്ചത് കരീം ബെന്‍സിമയാണ്. 89ാം മിനിറ്റില്‍ റയല്‍ താരം ബെന്‍സിമയുടെ സൂപ്പര്‍ ഷോട്ട് ഗോള്‍ വലയിലേക്ക്. ഇതോടെ ജയം റയലിനൊപ്പം. മറ്റ് മല്‍സരങ്ങള്‍ വലന്‍സിയ സെവിയ്യയെ 1-0ത്തിന് തോല്‍പ്പിച്ചു. ലെവന്റേ-ഐബര്‍ മല്‍സരവും(2-2) റയോ വാല്‍ക്കോനോ-റയല്‍ ബെറ്റിസ് മല്‍സരവും(1-1) റയല്‍ വലാഡോളിഡ്-റയല്‍ സോസിഡാഡ് മല്‍സരവും (1-1) സമനിലയില്‍ കലാശിച്ചു.