സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്കും മാഡ്രിഡിനും ജയം

43ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് വിജയ ഗോള്‍ നേടിയത്

Update: 2019-02-17 01:43 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ വലാഡോളിഡിനെതിരേ ബാഴ്‌സയ്ക്കും റയോ വാല്‍ക്കാനോയ്‌ക്കെതിരേ അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം. വാല്‍ക്കാനോയ്‌ക്കെതിരേ 1-0ത്തിന്റെ ജയമാണ് ബാഴ്‌സ നേടിയത്. 43ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് വിജയ ഗോള്‍ നേടിയത്. മല്‍സരത്തില്‍ മെസ്സി മികച്ച ഒരു ഗോള്‍ അവസരം പാഴാക്കുകയും ചെയ്തു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ബാഴ്‌സ ഏഴാക്കി ഉയര്‍ത്തി. സീസണിലെ 30ാമത്തെ ഗോളാണ് മെസ്സി നേടിയത്. തുടര്‍ച്ചയായി 11 സീസണുകളിലും മെസ്സി 30ല്‍ കൂടുതല്‍ ഗോള്‍ നേടിയിട്ടുണ്ട്. റയല്‍ വാല്‍ക്കോനെയ്‌ക്കെതിരേ 1-0ത്തിനാണ് മാഡ്രിഡിന്റെ ജയം. 74ാം മിനിറ്റില്‍ അന്റോണിയാ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്. റയല്‍ ബെറ്റിസിനും റയല്‍ മാഡ്രിഡിനുമെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അത്‌ലറ്റിക്കോ മാഡ്രിഡ് തോറ്റിരുന്നു. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം അത്‌ലറ്റിക്കോ മൂന്നാക്കി ഉയര്‍ത്തി. ഇന്ന് ജിറോണയുമായുള്ള മല്‍സരത്തില്‍ ജയിച്ചാല്‍ റയലിന് രണ്ടാം സ്ഥാനത്ത് തിരിച്ചെത്താം. മറ്റ് മല്‍സരങ്ങളില്‍ സെല്‍റ്റാ വിഗോയെ 4-1ന് ലെവന്റേ തോല്‍പ്പിച്ചു. ലെഗന്‍സിനെ 3-0ത്തിന് റയല്‍ സോസിഡാഡ് പരാജയപ്പെടുത്തി. ചാംപ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സ ലയോണിനെ നേരിടും.




Tags:    

Similar News