മോണ്ടെവിഡിയോ: ഇതിഹാസ താരമായ ഉറുഗ്വെയുടെ ലൂയിസ് സുവരാസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കുന്നു. വെള്ളിയാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടമായിരിക്കും ഉറുഗ്വെ ജേഴ്സിയിലെ താരത്തിന്റെ അവസാന പോരാട്ടം. പരാഗ്വെയാണ് എതിരാളികള്‍.17 വര്‍ഷം നീണ്ട കരിയറിനാണ് 37കാരന്‍ വിരാമമിട്ടത്.രാജ്യത്തിനായി 142 മത്സരങ്ങള്‍ കളിച്ചു. 69 ഗോളും നേടി. ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് സുവാരസ്.
'വെള്ളിയാഴ്ച രാജ്യത്തിനായി ഞാന്‍ കരിയറിലെ അവസാന പോരിനിറങ്ങുകയാണ്. പരിക്കേറ്റ് വിരമിക്കേണ്ടി വന്നില്ല എന്നതാണ് ആശ്വാസം. ദേശീയ ടീമില്‍ നിന്നു എന്നെ ഒഴിവാക്കാനും ഇതുവരെ ആരും ശ്രമിച്ചിട്ടില്ല എന്നതും അഭിമാനം നല്‍കുന്നു. എന്റെ എല്ലാം ടീമിനായി ഇതുവരെ നല്‍കി. എന്റെ ഉള്ളില്‍ ഇപ്പോഴും വിജയ ജ്വാല അണയാതെ നില്‍ക്കുന്നുണ്ട്.'
'ദേശീയ ടീമിനൊപ്പം ഒരു കിരീടമെങ്കിലും നേടുക എന്നതായിരുന്നു എന്റെ സ്വപ്നം. അതു സാധിച്ചു. എന്റെ കുഞ്ഞുങ്ങളെ ആ കിരീടം കാണിക്കാന്‍ എനിക്കു സാധിച്ചു. ഇനിയും ടീമില്‍ തുടരാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഇപ്പോഴാണ് വിരമിക്കാന്‍ യോജിച്ച സമയം'-സുവാരസ് പറഞ്ഞു.2007ലാണ് താരം ഉറുഗ്വെ ദേശീയ ടീമിനായി അരങ്ങേറിയത്. 2010ലെ ലോകകപ്പില്‍ ടീമിനെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായി നില്‍ക്കാനും സുവാരസിനു സാധിച്ചിരുന്നു. 2011ല്‍ കോപ്പ അമേരിക്ക പോരാട്ടത്തില്‍ ഉറുഗ്വെയ്ക്ക് കിരീടം സമ്മാനിക്കുന്നതിലും സുവരാസ് നിര്‍ണായകമായി.