ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി
ലിംഗാര്‍ഡിന്റെ പിഴവില്‍ നിന്ന് വന്ന പന്ത് സിയബെച്ചു സ്വീകരിച്ച് സ്വിസിന്റെ വിജയഗോള്‍ നേടുകയായിരുന്നു.
മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗിലെ യുനൈറ്റഡിന്റെ മോശം ഫോം ഈ സീസണിലും തുടങ്ങി.സ്വിസ് ടീം യങ് ബോയിസിനെ നേരിട്ട അവര്‍ 2-1ന്റെ തോല്‍വിയാണ് ആദ്യ മല്‍സരത്തില്‍ നേരിട്ടത്. പഴയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്നിട്ടും ടീമിന്റെ ചാംപ്യന്‍സ് ലീഗ് പ്രകടനത്തില്‍ നിരാശ മാത്രം.13ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ യുനൈറ്റഡിന് ലീഡ് നല്‍കി. എന്നാല്‍ 35ാം മിനിറ്റില്‍ വാന്‍ ബിസാക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുനൈറ്റഡിന് നല്‍കിയത് വന്‍ തിരിച്ചടിയാണ്. 10 പേരായി ചുരുങ്ങിയ ചുവപ്പ് ചെകുത്താന്‍മാര്‍ക്ക് പിന്നീട് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.66ാം മിനിറ്റില്‍ മൗമിയിലൂടെ സ്വിസ് സമനില പിടിച്ചു. 70ാം മിനിറ്റില്‍ റൊണോയെയും ബ്രൂണോയെയും കോച്ച് പിന്‍വലിച്ചു. മാറ്റിച്ചാണ് പിന്നീട് മധ്യനിരയില്‍ കളിച്ചത്.എന്നാല്‍ 95ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ലിംഗാര്‍ഡിന്റെ പിഴവില്‍ നിന്ന് വന്ന പന്ത് സിയബെച്ചു സ്വീകരിച്ച് സ്വിസിന്റെ വിജയഗോള്‍ നേടുകയായിരുന്നു.
കോച്ച് ഒലെയ്ക്ക് കീഴില്‍ ചാംപ്യന്‍സ് ലീഗില്‍ 11 മല്‍സരത്തില്‍ ഏഴ് മല്‍സരങ്ങള്‍ ജയിക്കാന്‍ മാത്രമാണ് മാഞ്ചസ്റ്ററിന് കഴിഞ്ഞത്.