കിരീട നഷ്ടം; ബാഴ്‌സയ്‌ക്കെതിരേ ആഞ്ഞടിച്ച് മെസ്സി
ടീമിന്റെ അടിത്തട്ട് മുതല്‍ ഉടച്ച് വാര്‍ക്കണം. മാനേജ്‌മെന്റ് തലത്തിലും കോച്ചിങ് തലത്തിലും മാറ്റം വരുത്തണം.
മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം നേരിയ വ്യത്യാസത്തില്‍ കൈവിട്ടതിനെ തുടര്‍ന്ന് ക്ലബ്ബിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം മെസ്സി. ഈ സീസണില്‍ ക്ലബ്ബ് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചില്ലെന്നും റയലിന് കിരീടം നേടാനുള്ള അവസരങ്ങള്‍ ഒരുക്കിയത് ബാഴ്‌സ തന്നെയായിരുന്നുവെന്നും ക്യാപ്റ്റന്‍ കൂടിയായ മെസ്സി പറഞ്ഞു.
നിലവിലെ കളി ബാഴ്‌സ തുടരുകയാണെങ്കില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോലും കാണില്ല. നിരവധി മല്‍സരങ്ങളാണ് ഈ സീസണില്‍ ബാഴ്‌സ കൈവിട്ടത്. ജയിക്കാവുന്ന പല മല്‍സരങ്ങളും താരങ്ങളുടെ അശ്രദ്ധ കാരണം തോറ്റു. ഇന്ന് ഒസാസുന കളിച്ചത് മികച്ച കളിയാണ്. ഇഞ്ചുറി ടൈം ഗോളിലൂടെ അവര്‍ ജയം എത്തിപിടിച്ചു.
റയല്‍ മാഡ്രിഡ് ഈ സീസണില്‍ കിരീടം അര്‍ഹിച്ചിരുന്നു. മികച്ച കളിയാണ് അവര്‍ കളിക്കുന്നത്. സീസണ്‍ പുനരാംരഭിച്ചതിന് ശേഷം അവര്‍ അപരാജിതരായാണ് 10 മല്‍സരങ്ങള്‍ ജയിച്ചത്. ബാഴ്‌സലോണ ദുര്‍ബലരാണ്. ഇന്ന് ഏത് ടീമിനും തോല്‍പ്പിക്കാൻ കഴിയുന്ന ടീമാണെന്നും മെസ്സി മല്‍സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കളിക്കാരെ മാത്രം കുറ്റം പറയുന്നില്ല. ടീമിന്റെ അടിത്തട്ട് മുതല്‍ ഉടച്ച് വാര്‍ക്കണം. മാനേജ്‌മെന്റ് തലത്തിലും കോച്ചിങ് തലത്തിലും മാറ്റം വരുത്തണം. അല്ലാത്ത പക്ഷം സീസണില്‍ ക്ലബ്ബിന് ഒറ്റ കിരീടപോലും നേടാന്‍ കഴിയില്ല. റയലിനെ പ്രശംസിക്കുന്നു. റയലിന്റെ കിരീട നേട്ടത്തിന്റെ പ്രധാന സഹായം ബാഴ്‌സയുടെ തോല്‍വികളായിരുന്നു. ചാംപ്യന്‍സ് ലീഗ് ബാഴ്‌സ നേടില്ല. ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സ ഇനി കളിക്കേണ്ടത് പുതിയ ടീമായാണ്. എന്നാല്‍ അവര്‍ക്ക് കിരീടം നേടാമെന്നും മെസ്സി ചൂണ്ടികാട്ടി. നേരത്തെയും പല തവണ മെസ്സി ബാഴ്‌സയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയിരുന്നു.