ചിന്നസ്വാമിയില്‍ ചിന്നമക്കളെ പോലെ ഇന്ത്യ; 46ന് പുറത്ത്; എറിഞ്ഞിട്ട് ഹെന്ററിയും ഒറൂര്‍ക്കും
ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ടീം. കിവീ പേസര്‍മാരുടെ കരുത്ത് തെളിയിച്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ 46 റണ്‍സിന് പുറത്താവുകയായിരുന്നു. 2020ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരേ 36 റണ്‍സിനും 1974-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിനും പുറത്തായശേഷമുള്ള ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറും ബെംഗളൂരുവില്‍ പിറന്നു. നാട്ടില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടും. 1987-ല്‍ ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനോട് 75 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു നാട്ടില്‍ ഇതിനു മുമ്പത്തെ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍.
വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും 22 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ വില്യം ഒറുര്‍ക്കും ചേര്‍ന്നാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പവലിയനിലേക്കയച്ചത്. 49 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പിന്നീട് ടീമില്‍ രണ്ടക്കം കണ്ടത് 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ മാത്രം. വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) തുടങ്ങിയവരെല്ലാം പിച്ചില്‍ കുത്തിവരുന്ന പന്തില്‍ എന്ത് സംഭവിച്ചെന്ന പോലും മനസിലാകാതെ കീഴടങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2) പിച്ചിന്റെ സ്വഭാവം പോലും മനസിലാക്കാന്‍ നില്‍ക്കാതെ ടിം സൗത്തിയെ പഞ്ഞിക്കിടാനിറങ്ങിയ കുറ്റി തെറിച്ച് പുറത്തായി.
മറുപടി ബാറ്റിങില്‍ 20 ഓവറില്‍ ന്യൂസിലന്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തിട്ടുണ്ട്. 36 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്റ് നേടിയത്.ഡേവൊണ്‍ കോണ്‍വെയും (61), വില്‍ യെങുമാണ് (5) ക്രീസില്‍. ടോം ലഥാമിന്റെ (15) വിക്കറ്റാണ് നഷ്ടമായത്.കുല്‍ദീപ് യാദവിനാണ് വിക്കറ്റ്.
ബംഗ്ലാദേശിനെതിരേ ടി20 സ്‌റ്റൈലില്‍ ടെസ്റ്റ് ജയിച്ചാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാനിറങ്ങിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടെസ്റ്റിന്റെ ആദ്യ ദിനം മഴകൊണ്ടുപോയി. ആദ്യ ദിവസത്തെ കനത്ത മഴയില്‍ പിച്ച് മുഴുവന്‍ മൂടിയിട്ടിരിക്കുകയും ചെയ്തതായിരുന്നു. രണ്ടാം ദിനം മഴമാറിനിന്ന അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ ആരാധകര്‍ ഞെട്ടിയിരുന്നു.
പിച്ചിലെ ഈര്‍പ്പവും മൂടിക്കെട്ടിയ രാവിലത്തെ അന്തരീക്ഷവും പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുമെന്നുള്ള കാര്യമൊന്നും ഇന്ത്യ ടീം ഗൗരവമായി എടുത്തില്ലെന്നുവേണം കരുതാന്‍. ചിന്നസ്വാമിയിലെ പിച്ച് സ്പിന്നര്‍മാരുടെ പറുദീസയാണെന്ന മുന്‍കാല അനുഭവങ്ങളായിരിക്കാം ഒരുപക്ഷേ ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രോഹിത്തിനെ പ്രേരിപ്പിച്ചത്.