ഉത്തേജക മരുന്ന് പരിശോധനയില്‍ ഗോമതി മാരിമുത്തു പരാജയപ്പെട്ടു
ചെന്നൈ: ദോഹ ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ബി സാംമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടാല്‍ നാല് വര്‍ഷത്തെ വിലക്ക് താരം നേരിടേണ്ടിവരും. അതോടെ ഇന്ത്യക്ക് ലഭിച്ച സ്വര്‍ണം നഷ്ടപ്പെടും. കഴിഞ്ഞ മാസം നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവും നേടിയിരുന്നു. എ സാംപിള്‍ പരിശോധനയിലാണ് തമിഴ്നാട് താരം പരാജയപ്പെട്ടത്.മാര്‍ച്ച് 15 മുതല്‍ 18വരെ പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സിനിടെയും ഗോമതി നാഡയുടെ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി) പരിശോധനയില്‍ പരാജയപ്പെട്ടിരുന്നതായും സൂചനയുണ്ട്. പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഗോമതിയുടെ പ്രതികരണം. വാര്‍ത്തകളിലൂടെയാണ് ഇക്കാര്യമറിഞ്ഞതെന്നും അത്ലറ്റിക് ഫെഡറേഷനോട് വിശദാംശങ്ങള്‍ ആരാഞ്ഞതായും ഗോമതി പറഞ്ഞു.