നദാലിനെ വീഴ്ത്തി ജോകോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം
ജോക്കോവിച്ചിന്റെ 15ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്
മെല്‍ബണ്‍: സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ വീഴ്ത്തി ലോക ഒന്നാം സീഡ് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച ഇദ്ദേഹം കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടി റെക്കോഡ് സ്വന്തമാക്കി, ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെയാണ് ജോക്കോവിച്ച് മറികടന്നത്. ജോക്കോവിച്ചിന്റെ 15ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്. അമേരിക്കന്‍ താരം പീറ്റ് സാംപ്രസിനെ മറികടന്ന് മൂന്നാമതെത്തുകയും ചെയ്തു. സമകാലികരായ റോജര്‍ ഫെഡറര്‍(20), റാഫേല്‍ നദാല്‍(17) എന്നിവരാണ് ജോകോവിച്ചിനു മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡന്‍, യുഎസ് ഓപണ്‍ കിരീടം നേടിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപണ്‍ കൂടി നേടിയതോടെ ജോക്കോവിച്ചിന്റെ ഹാട്രിക് നേട്ടമാണിത്.
സ്‌കോര്‍: 6-3, 6-2, 6-3.
ഓസ്‌ട്രേലിയന്‍ ഓപണില്‍ ഏഴു വര്‍ഷത്തിനുശേഷമാണ് നദാലും ജോക്കോവിച്ചും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടിയത്. 2012ല്‍ ജോക്കോവിച്ചാണ് ജയിച്ചത്. എന്നാല്‍, അന്നത്തേതിനു വിപരീതമായി ആദ്യ സെറ്റ് മുതല്‍ നദാലിനെ ഏകപക്ഷീയമായാണ് ഇക്കുറി നേരിട്ടത്. ഗ്രാന്‍സ്‌ലാം വേദികളില്‍ ഇരുവരും 15 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് ജയത്തോടെ നദാലാണ് ഒന്നാംസ്ഥാനത്ത്. ജോക്കോവിച്ച് ആറു തവണ ജയിച്ചു.