ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സിയില്‍ ഇടംപിടിച്ച് മലയാളി ബ്രാന്‍ഡായ ബൈജൂസ് ലേണിംഗ് ആപ്പ്. സപ്തംബർ മുതൽ ചൈനീസ് മൊബൈൽ കമ്പനിയായ ഓപ്പോക്ക് പകരം ഇനി മലയാളികളുടെ സ്വന്തം ബൈജൂസ് ആപ്പായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്സിയിൽ ഉണ്ടാവുക. 2017 മാർച്ചിൽ 1079 കോടി രൂപയ്ക്കാണ് ഓപ്പോ ഇന്ത്യൻ ടീമിൻെറ ജഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. അഞ്ച് വർഷത്തേക്കായിരുന്നു കരാർ. എന്നാലിത് ഇപ്പോൾ ബൈജൂസ് ആപ്പിന് നൽകിയിരിക്കുകയാണ്. സ്പോൺസർഷിപ്പ് കരാറിൽ നിന്ന് ഓപ്പോ പിൻമാറുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കിൽ അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിൽ ബൈജൂസ് ആപ്പായിരിക്കും ഇന്ത്യയുടെ പ്രധാന സ്പോൺസർമാർ. ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേണിംഗാ ആപ്പായ ബൈജൂസ് ആപ്പിന് മലയാളിയായ ബൈജു രവീന്ദ്രൻ ആണ് തുടക്കമിട്ടത്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്.