ദോഹ: ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേത്രി അമേരിക്കയുടെ സിമോണ ബൈല്‍സിന് ലോക റെക്കോഡ്. ഇന്നലെ ഖത്തറില്‍ വച്ച് നടന്ന ലോക ഓള്‍ അറൗണ്ട് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ നാല് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കുന്ന ആദ്യ താരമായി ഈ 21 കാരി മാറി. നേരത്തേ മുന്‍ വര്‍ഷങ്ങളില്‍ നടന്ന മൂന്ന് ചാംപ്യന്‍ഷിപ്പിലും ഒന്നാമതെത്തിതോടെ റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്‌സ് താരം സ്വെറ്റ്‌ലാന ക്വെര്‍ക്കിനയോടൊപ്പം താരം റെക്കോഡ് പങ്കിട്ടിരുന്നു. എന്നാല്‍ ഖത്തറിലും സ്വര്‍ണം നേടിയതോടെയാണ് ഈ നേട്ടം താരം തനിച്ച് അലങ്കരിച്ചത്. നാല് തവണ ഒളിംപിക്‌സ് സ്വര്‍ണം ഉയര്‍ത്തിയ ബൈല്‍സ് ചാംപ്യന്‍ഷിപ്പില്‍ ആകെ 57.491 പോയിന്റ് നേടിയാണ് റെക്കോഡ് പുസ്തകത്തില്‍ ഇടം കണ്ടെത്തിയത്. ജപ്പാന്റെ മായ് മുറക്കാമി വെള്ളിയും (55.798) സിമോണ ബൈല്‍സിന്റെ സഹതാരം മോര്‍ഗന്‍ ഹര്‍ഡ് വെങ്കലവും സ്വന്തമാക്കി (55.732).വോള്‍ട്ടിലും ബാലന്‍സ് ബീം ഇനത്തിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.