കോമണ്‍വെല്‍ത്തില്‍ മലയാളിത്തിളക്കം; എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുല്ല അബൂബക്കറിന് വെള്ളി
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം കാത്ത് മലയാളി താരങ്ങള്‍. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഇതേ ഇനത്തില്‍ അബ്ദുല്ല അബൂബക്കറിന് വെള്ളിയും ലഭിച്ചു. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്വര്‍ണം 16 ആയി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. ഫൈനലില്‍ മൂന്നാം ശ്രമത്തില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കര്‍ തൊട്ടുപിന്നില്‍ രാജ്യത്തിന് വെള്ളിയും സമ്മാനിച്ചു.
17.02 മീറ്റര്‍ മീറ്റര്‍ ദൂരമാണ് അബ്ദുല്ല ചാടിയത്. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്‌നായാക്കാണ് (16.92) വെങ്കലം. ആദ്യ ശ്രമത്തില്‍ 16.92 മീറ്റര്‍ ചാടിയ പെരിഞ്ചീഫായിരുന്നു മല്‍സരത്തിന്റെ തുടക്കത്തില്‍ മുന്നില്‍. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ മാത്രമാണ് എല്‍ദോസിന് ചാടാനായത്. മൂന്നാം ശ്രമത്തിലാണ് എല്‍ദോസ് സ്വര്‍ണ മെഡലില്‍ 17.03 മീറ്റര്‍ മുത്തമിട്ടത്. അബ്ദുല്ല അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റര്‍ കണ്ടെത്താനായത്. നേരത്തെ വനിതാ വിഭാഗം ബോക്‌സിങ്ങില്‍ അമിത് പങ്കലും നീതു ഗാംഘസും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഗുസ്തിയില്‍ ഇന്ത്യ മൂന്ന് സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയില്‍നിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 16 ആയി. വനിതകളുടെ 45 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമീ ജെയ്ഡ് റെസ്റ്റനെ മലര്‍ത്തിയടിച്ചാണ് ഇന്നത്തെ ആദ്യസ്വര്‍ണം നീതു സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ പുരുഷന്മാരുടെ 51 കിലോ വിഭാഗത്തില്‍ മറ്റൊരു ഇംഗ്ലീഷ് താരം കൈറന്‍ മക്‌ഡൊണാള്‍ഡിനെ ഇടിച്ചിട്ട് അമിത് പങ്കലും സ്വര്‍ണം ചൂടി.
നീതുവിന് സീനിയര്‍ വിഭാഗത്തില്‍ ഇത് ആദ്യത്തെ പ്രധാന മെഡല്‍നേട്ടമാണ്. ഇതിന് മുമ്പ് രണ്ടുതവണ യൂത്ത് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു നീതു. അമിത് പങ്കല്‍ ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഇതുവരെ 16 സ്വര്‍ണവും 12 വെള്ളിയും 19 വെങ്കലവും അടക്കം 47 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 60 സ്വര്‍ണമടക്കം 159 മെഡലുകളുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. തൊട്ടുപിന്നില്‍ 50 സ്വര്‍ണമടക്കം 155 മെഡലുമായി ഇംഗ്ലണ്ടും ഇഞ്ചോടിഞ്ച് പോരാടുന്നുണ്ട്. 22 സ്വര്‍ണമടക്കം 84 മെഡലുള്ള കാനഡയും 17 സ്വര്‍ണമടക്കം 44 മെഡലുള്ള ന്യൂസിലന്‍ഡുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.