ലോക സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇസ്രായേലി താരങ്ങളെ വിലക്കി മലേസ്യ, വിവാദം
മലേസ്യയുടെ സ്‌ക്വാഷ് ബോഡിയുമായി ചര്‍ച്ച നടത്തുകയാണെന്നും 'ന്യായവും പ്രായോഗികവുമായ ഒരു പരിഹാരം കൈവരിക്കാനാകുമെന്ന്' പ്രതീക്ഷിക്കുന്നതായും ഡബ്ല്യുഎസ്എഫ് കൂട്ടിച്ചേര്‍ത്തു.
ക്വലാലംപൂര്‍: അടുത്ത മാസം 7ന് ആരംഭിക്കുന്ന ലോക സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇസ്രായേലി കളിക്കാര്‍ക്ക് വീസ നല്‍കാന്‍ വിസമ്മതിച്ച് മലേസ്യന്‍ അധികൃതര്‍. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ സ്‌ക്വാഷ് ടീമിന് വീസ അനുവദിക്കാനുള്ള ആവശ്യം മലേസ്യന്‍ അധികൃതര്‍
ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് വേള്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്‍ (ഡബ്ല്യുഎസ്എഫ്) ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മലേസ്യയുടെ സ്‌ക്വാഷ് ബോഡിയുമായി ചര്‍ച്ച നടത്തുകയാണെന്നും 'ന്യായവും പ്രായോഗികവുമായ ഒരു പരിഹാരം കൈവരിക്കാനാകുമെന്ന്' പ്രതീക്ഷിക്കുന്നതായും ഡബ്ല്യുഎസ്എഫ് കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്റിലാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ്19ന്റെ വ്യാപനം തടയുന്നതിനായി ന്യൂസിലന്റില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ അത് മലേസ്യയിലേക്ക് മാറ്റുകയായിരുന്നു.
മലേസ്യയ്ക്ക് ഇസ്രായേലുമായി ഔപചാരിക നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ല. മാത്രമല്ല ജൂത രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്.
ഇസ്രായേലി രോഷം
വേള്‍ഡ് സോഷ്യല്‍ ഫോറത്തിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌പോര്‍ട്‌സ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനെ സമീപിക്കാന്‍ പദ്ധതിയിടുന്നതായി ഇസ്രായേല്‍ സ്‌ക്വാഷ് അസോസിയേഷന്‍ അറിയിച്ചു.'അവര്‍ സ്‌പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കലര്‍ത്തുന്നത് ലജ്ജാകരമാണ്,' അസോസിയേഷന്‍ ചെയര്‍മാന്‍ അവീവ് ബുഷിന്‍സ്‌കി പറഞ്ഞു.
ഫലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതില്‍ മലേസ്യയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ എല്ലാ അവകാശങ്ങളും നല്‍കാനും അത് എപ്പോഴും ആവശ്യപ്പെടുന്നു.
ഹമാസിന്റെ പ്രശംസ
മലേസ്യന്‍ വിസമ്മതത്തെ ഹമാസ് പ്രശംസിച്ചു. അധിനിവേശത്തെ എതിര്‍ക്കുന്നതിലും ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നതിലും മലേസ്യയുടെ ശാശ്വതവും യഥാര്‍ത്ഥവുമായ നിലപാടാണ് ഈ വിസമ്മതം പ്രകടിപ്പിക്കുന്നതെന്ന് പ്രസ്ഥാനത്തിന്റെ വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാനു പ്രസ്താവനയില്‍ പറഞ്ഞു.