109 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സില്‍ സ്വര്‍ണം പങ്കിട്ട് ഹൈജംപ് താരങ്ങള്‍
താനും പിന്‍മാറിയാല്‍ സ്വര്‍ണമെഡല്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പങ്കിടാമോ എന്ന്.
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ ഒമ്പതാം ദിനം ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടും. ഇന്ന് നടന്ന ഹൈജംബ് മല്‍സരത്തില്‍ നടന്ന അപൂര്‍വ്വ നിമിഷങ്ങളാണ് ചരിത്രത്തില്‍ സ്ഥാനം നേടുന്നത്. ഹൈജംബിലെ സ്വര്‍ണമെഡല്‍ പങ്കുവച്ചത് ഇന്ന് രണ്ടു പേരാണ്. 109 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ്ണം രണ്ട് പേര്‍ പങ്കിടുന്നത്. ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടംബേരിയും ഖത്തറിന്റെ മുംതാസ് ഈസ ബര്‍ഷിമും ആണ് മെഡല്‍ പങ്കിട്ടത്. ഫൈനലില്‍ ഇരുവരും 2.37 മീറ്റര്‍ പിന്നിട്ടു. എന്നാല്‍ 2.39 മീറ്റര്‍ താണ്ടാന്‍ ഇരുവര്‍ക്കും ആയില്ല. ഒടുവില്‍ ടംബേരി ചെറിയ പരിക്കിനെ തുടര്‍ന്ന് പിന്‍മാറുന്നു. സ്വാഭാവികമായും ഖത്തര്‍ താരത്തിന് സ്വര്‍ണ്ണം നേടാം.
എന്നാല്‍ ഈയവസരത്തില്‍ ഖത്തര്‍ താരം ബര്‍ഷിമിന്റെ ഞെട്ടിക്കുന്ന ചോദ്യം ഒഫീഷ്യലിനോടായി വന്നു. താനും പിന്‍മാറിയാല്‍ സ്വര്‍ണമെഡല്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പങ്കിടാമോ എന്ന്. ഇതിന് ഒഫീഷ്യല്‍ സമ്മതം മൂളിയതോടെയാണ് ടോക്കിയോവില്‍ ചരിത്രം പിറന്നത്. തന്റെ എതിരാളി പരിക്കേറ്റ് അവസാന പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ താനും താരത്തിന് പിന്‍തുണ നല്‍കി പിന്‍മാറി. ഇതോടെ മാറി നിന്ന ടംബേരി ബര്‍ഷിമിന്റെ അരികിലേക്ക് ഓടി വന്നു പുണരുകയായിരുന്നു. മണിക്കൂറുകള്‍ ഇരുവരും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. ഇരുവരും കളിക്കളത്തിന് പുറത്തും മികച്ച സുഹൃത്തുക്കളാണ്.