59ാ മത് സംസ്ഥാന റോളര്‍ സ്‌കേറ്റിങ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയ്ക്ക് കിരീടം
മാള: 59ാമത് സംസ്ഥാന റോളര്‍ സ്‌കേറ്റിങ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയ്ക്ക് കിരീടം. മാള ഹോളിഗ്രേസ് അക്കാദമിയില്‍ നവംബര്‍ ആറിന് തുടങ്ങിയ കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംസ്ഥാന റോളര്‍ സ്‌കേറ്റിങ് ഹോക്കി ചാംപ്യന്‍ഷിപ്പിന് സമാപനം. ഫ്രീ സ്‌റ്റൈല്‍, ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിങ്, ഇന്‍ലൈന്‍, റോളര്‍ ഹോക്കി എന്നീ ഇനങ്ങളിലായി ആറ് ദിവസങ്ങള്‍ നീണ്ട കരുത്തുറ്റ പോരാട്ടങ്ങള്‍ക്കാണ് തിരശീല വീണത്. കാഡറ്റ്, ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ എന്നീ നാല് കാറ്റഗറികളിലായാണ് മല്‍സരങ്ങള്‍ നടന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി 350 ഓളം മല്‍സരാര്‍ഥികള്‍ ഈ വേദിയില്‍ മാറ്റുരച്ചു. കാഡറ്റ് ബോയ്‌സ് വിഭാഗത്തില്‍ തൃശൂര്‍ ഒന്നും പാലക്കാട് രണ്ടും കോഴിക്കോട് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ ഒന്നാം സ്ഥാനവും ഇടുക്കി രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ബോയ്‌സ് മത്സരത്തില്‍ തൃശൂര്‍ ചാംപ്യന്‍ഷിപ്പും പാലക്കാട് രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തൃശൂര്‍, ഇടുക്കി, എറണാകുളം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ക്ലമന്‍സ് തോട്ടാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ പി വി ലിവിയ, ഫിനാന്‍സ് ഡയറക്ടര്‍ ജീസന്‍ പള്ളിപ്പാട്ട്, ഡയറക്ടര്‍ കം കോര്‍ഡിനേറ്റര്‍ അമല്‍ ജെ വടക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സാംബശിവന്‍ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഹോളി ഗ്രേസിലെ സ്‌കേറ്റിങ് റിങ്കും ആതിഥേയത്വ മികവും സംഘാടന പാടവവും പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.