നെയ്മറിനായി വീണ്ടും ബാഴ്‌സയും റയല്‍ മാഡ്രിഡും രംഗത്ത്
നെയ്മറിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാമെന്നും തങ്ങള്‍ ആവശ്യപ്പെട്ട 136 മില്ല്യണ്‍ യൂറോ ക്ലബ്ബ് നല്‍കണമെന്നുമാണ് പിഎസ്ജിയുടെ ആവശ്യം.
സാവോപോളോ: പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി ബ്രസീല്‍ താരം നെയ്മറിനായി വലവീശി ബാഴ്‌സയും റയല്‍ മാഡ്രിഡും. കഴിഞ്ഞ തവണ താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ച ബാഴ്‌സ ഇക്കുറി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് നേരത്തെ ഇറങ്ങിയിട്ടുണ്ട്. റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തുണ്ട്.
അതിനിടെ നെയ്മറിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാമെന്നും തങ്ങള്‍ ആവശ്യപ്പെട്ട 136 മില്ല്യണ്‍ യൂറോ ക്ലബ്ബ് നല്‍കണമെന്നുമാണ് പിഎസ്ജിയുടെ ആവശ്യം. 2017ല്‍ 199 മില്ല്യണ്‍ യൂറോയ്ക്കാണ് നെയ്മറെ ബാഴ്‌സയില്‍ നിന്നും പിഎസ്ജി സ്വന്തമാക്കിയത്. തുടര്‍ന്ന് പിഎസ്ജിയിലെ താരങ്ങളുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് താരം ക്ലബ്ബ് മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ പിഎസ്ജി ആവശ്യപ്പെട്ട തുക നല്‍കാന്‍ ബാഴ്‌സയ്ക്കായില്ല. തുടര്‍ന്നാണ് താരം പിഎസ്ജിയില്‍ തന്നെ തുടര്‍ന്നത്. നിലവില്‍ പിഎസ്ജിയില്‍ നെയ്മര്‍ തകര്‍പ്പന്‍ ഫോമിലാണ്.
കൊറോണാ വൈറസ് ബാധ ഫ്രാന്‍സില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നെയ്മര്‍, തിയാഗോ ഡിസില്‍വ എന്നീ താരങ്ങള്‍ ബ്രസീലിലേക്ക് തിരിച്ചു. താരങ്ങള്‍ക്ക് സ്വന്തം നാടുകളിലേക്ക് മാറാനുള്ള അനുവാദം പിഎസ്ജി നല്‍കിയിട്ടുണ്ട്.