ഏഷ്യാ കപ്പ് യോഗ്യത; ഇന്ത്യയ്ക്ക് ആദ്യ അങ്കം കംമ്പോഡിയക്കെതിരേ
രാത്രി 8.30നാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.
കൊല്‍ക്കത്ത: ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ക്കായി ഇന്ത്യ നാളെയിറങ്ങും. ആദ്യ മല്‍സരത്തില്‍ കംമ്പോഡിയയാണ് ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മല്‍സരം. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യയുടെ സ്ഥാനം.ഹോങ്കോങ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
രാഹുല്‍ ഭെക്കെ, ലാലെങ്മാവിയാ, റിത്വിക്ക് ദാസ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ലിസ്റ്റണ്‍ കോല്‍ക്കോയുടെ പരിക്ക് മാറിയെങ്കിലും നാളെ ടീമിനായി ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ചിങ്കലെന്‍സനാ സിങ് പൂര്‍ണ്ണ ഫിറ്റാണ്. ഛേത്രിക്കൊപ്പം മന്‍വീര്‍ സിങും ലിസ്റ്റണും മുന്‍നിരയിലുണ്ടാവും. അനിരുദ്ധ ഥാപ്പാ, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, സുരേഷ് എന്നിവരെല്ലാം ആദ്യ ഇലവനില്‍ ഇറങ്ങും. ഗുര്‍പ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കന്‍, അന്‍വര്‍ അലി, സുഭാഷിഷ് ബോസ് എന്നിവരും ടീം ഇന്ത്യയ്ക്കായി നാളെ ഇറങ്ങിയേക്കും.
ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയിലെ പ്രതീക്ഷ അനിരുദ്ധ് ഥാപ്പയാണ്. ഐഎസ്എല്ലില്‍ തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദും ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയാണ്. മാച്ച് വിന്നിങ് പ്രകടനം നടത്തുന്ന ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ലിസ്റ്റണ്‍ കൊലാക്കോയിലാണ് ഏവരുടെയും നോട്ടം.
റാങ്കിങില്‍ താഴെക്കിടയിലാണെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 11 ജയവും അഞ്ച് സമനിലയും കംമ്പോഡിയ നേടിയിട്ടുണ്ട്. നാല് തവണ ഇരുടീമും നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ മൂന്ന് തവണ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. രാത്രി 8.30നാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയില്‍ ലൈവ് സ്ട്രീമിങ് ഉണ്ട്.