ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് -അത്‌ലറ്റിക്കോ അങ്കം

ഫ്രഞ്ച് താരം റാഫേല്‍ വരാനെയും റോണോയും ഇന്ന് മാഡ്രിഡില്‍ മികച്ച വിരുന്നൊരുക്കുമെന്ന് റാഗ്നിക്ക് പറയുന്നു.

Update: 2022-02-23 06:41 GMT


 ലീഡ്‌സിനെതിരേ തകര്‍പ്പന്‍ ഫോമില്‍ തിരിച്ചെത്തിയ റാള്‍ഫ് റാഗ്നിക്കിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കായി ഇറങ്ങുന്നു. സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് യുനൈറ്റഡിന്റെ എതിരാളികള്‍. മല്‍സരം രാത്രി 1.30ന് അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ വാന്‍ഡാ മെട്രോപൊളിറ്റാനോയിലാണ്.


പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ തിരിച്ചെത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അത്‌ലറ്റിക്കോയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കോച്ച് റാഗ്നിക്കിന്റെ വാദം. ബ്രൂണോ ഫെര്‍ണാണ്ടസ്, ഫ്രെഡ്, ഏലാങ്ക, മാഗ്വയര്‍, പോഗ്‌ബെ എന്നിവരെല്ലാം ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ റൊണാള്‍ഡോ സ്‌കോര്‍ ചെയ്യാത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.ചാംപ്യന്‍സ് ലീഗിലെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലുള്ള റൊണാള്‍ഡോ പുതിയ റെക്കോഡുകള്‍ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. അത്‌ലറ്റിക്കോ കോച്ച് സിമിയോണിക്കെതിരേ മുമ്പ് നടന്ന വാക്ക്‌പോരിന് ശേഷം വീണ്ടും ഇന്ന് ഇരുവരും നേര്‍ക്ക് നേര്‍ വരികയാണ്.



ഫ്രഞ്ച് താരം റാഫേല്‍ വരാനെയും റോണോയും ഇന്ന് മാഡ്രിഡില്‍ മികച്ച വിരുന്നൊരുക്കുമെന്ന് റാഗ്നിക്ക് പറയുന്നു. റോണോയുടെ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും വലിയ എതിരാളി അത്‌ലറ്റിക്കോയാണ്. സാഞ്ചോ, റാഷ്‌ഫോഡ്, ലൂക്ക് ഷോ, ഡല്ലോട്ട് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.


സ്പാനിഷ് ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു. ലൂയിസ് സുവാരസ്, ജാവോ ഫ്‌ളിക്‌സ്, ഗ്രീസ്മാന്‍, ഏയ്ഞ്ചല്‍ കുറെ എന്നിവരടങ്ങിയ നിര തകര്‍പ്പന്‍ ഫോമിലാണ്. ഹോം ഗ്രൗണ്ടിന്റെ ആധിപത്യം മുതലെടുത്താല്‍ അത്‌ലറ്റിക്കോയ്ക്ക് മല്‍സരത്തില്‍ ആധിപത്യം നേടാം. സുവാരസിന്റെ സൂപ്പര്‍ ഫോം ടീമിന് ഗുണം ചെയ്യും. ഒപ്പത്തിനൊപ്പം നില്‍ക്കാവുന്ന രണ്ട് ടീമുകള്‍ മാഡ്രിഡില്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരം തീപ്പാറുമെന്നുറപ്പ്.




Tags:    

Similar News