ലോകകപ്പ്; മെല്‍ബണില്‍ ഇന്ത്യാ-പാക് എല്‍ ക്ലാസ്സിക്കോ
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിഡി സ്‌പോര്‍ട്‌സിലും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.
മെല്‍ബണ്‍: ലോകക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിന് നാളെ(ഞായര്‍) മെല്‍ബണ്‍ വേദിയാവും. ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടില്‍ ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. ലോകകപ്പില്‍ ഏറ്റവും ആദ്യം വിറ്റഴിക്കപ്പെട്ട ടിക്കറ്റുകള്‍ ഈ മല്‍സരത്തിന്റേതാണ്. കഴിഞ്ഞ ലോകകപ്പിലെ നാണം കെട്ട തോല്‍വിക്കും ഏഷ്യാകപ്പിലെ തോല്‍വിക്കും പകരം വീട്ടാനാണ് ഇന്ത്യയുടെ നീക്കം. എന്നാല്‍ പാകിസ്താനാവട്ടെ ഇന്ത്യയ്‌ക്കെതിരേയുള്ള വിന്നിങ് റെക്കോഡ് വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലും.
ട്വന്റിയിലെ അടുത്ത കാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഇന്ത്യയ്ക്ക് ബാറ്റിങ് മുന്‍തൂക്കം ലഭിക്കുമ്പോള്‍ പാകിസ്താന്‍ ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങുന്നു.ഇന്ത്യയ്ക്ക് ബൗളിങ് ആണ് പ്രധാന വെല്ലുവിളി. ഡെത്ത് ഓവറുകളാണ് അതില്‍ പ്രധാനവും. പാകിസ്താന്റെ തുരുപ്പ് ചീട്ടാവട്ടെ അവരുടെ ബൗളിങാണ്. പരിക്കില്‍ നിന്ന് മോചിതനായ ഷഹീന്‍ ഷാ അഫ്രീഡിയാണ് പാകിസ്താന്റെ ആവനാഴിയിലെ ഏറ്റവും വലിയ അസ്ത്രം. തകര്‍പ്പന്‍ ഫോമിലാണ് പേസര്‍ തിരിച്ചെത്തിയിരിക്കുന്നത്. അഫ്രീഡിക്കുള്ള മറുപടിയായി മുഹമ്മദ് ഷമിയെയാണ് ഇന്ത്യ നോക്കി കാണുന്നത്. ഷമിയെ ഇറക്കിയില്ലെങ്കില്‍ ഹര്‍ഷല്‍ പട്ടേലാണ് ടീമിന്റെ അടുത്ത ഓപ്ഷന്‍.
അന്തിമ ഇലവനെ മല്‍സരത്തിന് തൊട്ടുമുമ്പ് പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ വ്യക്തമാക്കി. ഫോമിലല്ലാത്ത ഋഷഭ് പന്തിനെ പുറത്തിരുത്തി സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ തന്നെ കീപ്പിങില്‍ ഇറക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിഡി സ്‌പോര്‍ട്‌സിലും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.