ലോകകപ്പ്; പാകിസ്തനെതിരേ ഇന്ത്യയ്ക്ക് ജയമൊരുക്കി കിങ് കോഹ്‌ലി

പാണ്ഡെ 37 പന്തില്‍ 40 റണ്‍സെടുത്തു.

Update: 2022-10-23 11:58 GMT

മെല്‍ബണ്‍: ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരത്തില്‍ പാകിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ.വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സൂപ്പര്‍ 12ലെ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 160 റണ്‍സായിരുന്നു. അവസാന പന്ത് വരെ ആവേശം വിതറിയ മല്‍സരമായിരുന്നു. അവസാന പന്തിലാണ് ഇന്ത്യ ജയം നേടിയതും. 53 പന്തില്‍ 82 റണ്‍സാണ് കോഹ്‌ലി പുറത്താവാതെ നേടിയത്. കോഹ്‌ലിയുടെ കരിയറിലെ മറക്കാനാവാത്ത ഇന്നിങ്‌സിനാണ് മെല്‍ബണ്‍ വേദിയായത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 16 റണ്‍സായിരുന്നു വേണ്ടത്.എന്നാല്‍ ഇതിഹാസ മുന്‍ നായകന്‍ കോഹ്‌ലി പൊരുതാനുറച്ച് ബാറ്റ് വീശുകയായിരുന്നു. ഒടുവില്‍ അവസാന പന്തില്‍ വേണ്ടത് രണ്ട് റണ്‍സ്. വൈഡിലൂടെ ഒരു റണ്‍. അവസാന പന്ത് സ്‌ട്രൈക്ക് ചെയ്തത് അശ്വിന്‍ ആയിരുന്നു. അശ്വിന്‍ അനായാസം ഇന്ത്യയുടെ വിജയ റണ്‍ നേടി.ഈ ഓവറിലെ ആദ്യ പന്തിലാണ് ഹാര്‍ദ്ദിക്കിനെ നഷ്ടമായത്. അഞ്ചാം പന്തിലാണ് കാര്‍ത്തിക്കിനെ നഷ്ടമായത്. എന്നാല്‍ ജയിക്കാനുറച്ച് നില്‍ക്കുന്ന കോഹ്‌ലി ഇന്ത്യയെ മുന്നോട്ട് തന്നെ നയിച്ചു.


 തുടക്കത്തില്‍ തന്നെ രാഹുലിനെയും (4) രോഹിത്തിനെയും (4) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പിന്നീടുള്ള പ്രതീക്ഷ കോഹ്‌ലിയിലായിരുന്നു. താരം ഒരു വശത്ത് നിന്ന് പൊരുതി. ഇതിനിടെ വന്ന സൂര്യകുമാര്‍ യാദവ് (15), അക്‌സര്‍ പട്ടേല്‍ (2) എന്നിവര്‍ പെട്ടെന്ന് പുറത്തായി. കോഹ്‌ലിക്കൊപ്പം പിന്നീട് പിടിച്ച് നിന്നത് ഹാര്‍ദ്ദിക്ക് പാണ്ഡെ ആയിരുന്നു. പാണ്ഡെ 37 പന്തില്‍ 40 റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഷാന്‍ മസൂദ് (52*), ഇഫ്തിഖര്‍ അഹ്‌മദ് (51) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് പാകിസ്താന് രക്ഷകയായത്. രണ്ടാമത്തെ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ അര്‍ഷദീപ് പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. വീണ്ടും നാലമാത്തെ ഓവറില്‍ റിസ്വാനെയും (4) അര്‍ഷദീപ് പുറത്താക്കി. എന്നാല്‍ മസൂദും ഇഫ്തിഖറും നിലയുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് രക്ഷയില്ലാതായി. ഇഫ്തിഖര്‍ പുറത്തായതിന് ശേഷമെത്തിയ ഷഹദാബ് (5), ഹൈദര്‍ (2), നവാസ്(9) എന്നിവരെ പെട്ടെന്ന് പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ഡെ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. ആസിഫ് (2) അലിയുടെ വിക്കറ്റും അര്‍ഷദീപ് സിങ് നേടി.16 റണ്‍സുമായി നിലയുറപ്പിച്ച ഷഹീന്‍ അഫ്രീഡിയെ ഭുവനേശ്വര്‍ കുമാറും പുറത്താക്കി. ഏറെ പ്രതീക്ഷ വച്ച് പുലര്‍ത്തിയ മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ.










Tags:    

Similar News