ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയെ പൂട്ടാന്‍ ബെന്‍സിമയും കൂട്ടരും
മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം.
സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഇന്ന് തീപ്പാറും പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലാണ് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയും സ്പാനിഷ് പ്രമുഖരായ റയലും ഏറ്റുമുട്ടുന്നത്. പാരിസില്‍ നടന്ന ആദ്യ പാദത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഏക ഗോളില്‍ പിഎസ്ജി ജയിച്ചിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ അതിന് തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയിലാണ് കരീം ബെന്‍സിമയും കൂട്ടരും. രാത്രി 1.30നാണ് മല്‍സരം.
പരിക്കിനെ തുടര്‍ന്ന് കിലിയന്‍ എംബാപ്പെ കളിക്കില്ലെന്ന് നേരത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ എംബാപ്പെ ആദ്യ ഇലവനില്‍ എത്തുമെന്ന് അല്‍പ്പം മുമ്പ് കോച്ച് പോച്ചീടീനോ അറിയിച്ചു. ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരെല്ലാം ഇന്ന് പിഎസ്ജിയക്കായി ഇറങ്ങും. മുന്‍ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇന്ന് പഴയ ടീമിനെതിരേ ഇറങ്ങില്ല. എന്നാല്‍ റാമോസ് സ്‌ക്വാഡിനൊപ്പം മാഡ്രിഡിലുണ്ട്. റയല്‍ നിരയില്‍ ടോണി ക്രൂസും വെല്‍വെര്‍ദേയും കാസിമറോയും പരിക്കിന്റെ പിടിയിലാണ്.കരീം ബെന്‍സിമയും വിനീഷ്യസ് ജൂനിയറും ലൂക്കാ മൊഡ്രിച്ചുമാണ് റയലിന്റെ തുരുപ്പ് ചീട്ടുകള്‍.
ഇരുടീമിനും മല്‍സരത്തില്‍ തുല്യസാധ്യതയാണെന്ന് പിഎസ്ജി താരം നെയ്മര്‍ പറയുന്നു. ലയണല്‍ മെസ്സിക്കും റാമോസിനുമാണ് ഈ മല്‍സരം ഏറെ പ്രിയപ്പെട്ടതുമെന്നും നെയ്മര്‍ സൂചിപ്പിച്ചു.ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും നെയ്മറും കൂടിയുള്ള പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. സ്പാനിഷ് ലീഗില്‍ മികച്ച ഫോമിലാണ് റയല്‍ മാഡ്രിഡ്. എന്നാല്‍ ഫ്രഞ്ച് ലീഗില്‍ അവസാന മല്‍സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയാണ് പിഎസ്ജിയുടെ വരവ്. ലയണല്‍ മെസ്സി താന്‍ ഏറെ ഗോളുകള്‍ സ്‌കോര്‍ ചെയ്ത സാന്റിയാഗോയില്‍ തിളങ്ങാമെന്ന പ്രതീക്ഷയിലാണ്. ഇന്ന് ഗോള്‍ രഹിത സമനിലയോ 1-1 സമനിലയോ പിടിച്ചാലും പിഎസ്ജിക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം.ഇന്ന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌പോര്‍ട്ടിങ് ലിസ്ബണെ നേരിടും. സിറ്റി ആദ്യ പാദത്തില്‍ അഞ്ച് ഗോളിന്റെ ജയം നേടിയിരുന്നു.