സിറ്റിയോ-പിഎസ്ജിയോ ; ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് ഇന്ന് ആര് കയറും
മരിക്കേണ്ടി വന്നാല്‍ അതും താന്‍ ചെയ്യുമെന്നും നെയ്മര്‍ മല്‍സരത്തിന് മുന്നോടിയായി പറഞ്ഞു.
ഇത്തിഹാദ്: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം ഇന്ന് ഇത്തിഹാദില്‍ അരങ്ങേറും. ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദമല്‍സരമാണ് സിറ്റിയുടെ തട്ടകത്തില്‍ രാത്രി 12.30ന് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ബയേണിനോട് തോറ്റ് കൈയ്യത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട പിഎസ്ജിക്ക് ഇക്കുറി അത് നേടുക തന്നെയാണ് ലക്ഷ്യം. പാരിസില്‍ നടന്ന ആദ്യപാദത്തില്‍ സിറ്റി 2-1ന് ജയിച്ച് മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമിനെതിരേ ആധികാരിക വിജയം നേടുമെന്നാണ് പിഎസ്ജി കോച്ച് പോച്ചീടിനോയുടെ വെല്ലുവിളി. ലീഗ് വണ്ണ് കിരീടത്തില്‍ ലില്ലെയോട് ഇഞ്ചോടിച്ച് പോരാട്ടം തുടരുന്ന പിഎസ്ജിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം തന്നെയാണ് പ്രഥമ പരിഗണന.
രണ്ട് എവേ ഗോളുകള്‍ ഇന്ന് സിറ്റിക്ക് തുണയാവുമ്പോള്‍ പിഎസ്ജി അതിനെ മറികടക്കാന്‍ നന്നേ വിയര്‍ക്കേണ്ടിവരും.പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച സിറ്റിയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ഗുണ്‍ഡോങ്, കെവിന്‍ ഡി ബ്രൂണി, റിയാദ് മെഹറസ്, ബെര്‍ണാഡോ സില്‍വ, കെയ്ല്‍ വാല്‍ക്കര്‍, റൂബന്‍ ഡയസ്, ഫില്‍ ഫോഡന്‍ എന്നിവരെല്ലാം ഇന്ന് സിറ്റിയുടെ ആദ്യ ഇലവനില്‍ ഇറങ്ങും.
നവസ്, ഫ്‌ളോറന്‍സി, മാര്‍ക്വിനോസ്, കെംബാപ്പെ, ഡൈയലോ, പരേഡെസ്, വെറാറ്റി, ഡി മരിയ, നെയ്മര്‍, എംബാപ്പെ, ഇക്കാര്‍ഡി എന്നിവരാണ് ഇന്ന് പിഎസ്ജിക്കായി ഇറങ്ങുക.
എംബാപ്പെയുടെ പരിക്ക്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് ആദ്യപാദത്തില്‍ പരിക്കേറ്റിരുന്നു.തുടര്‍ന്ന് താരം ലീഗ് വണ്ണിലെ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ താരം പരിശീലനം നടത്തിയിരുന്നുവെന്ന് കോച്ച് വ്യക്തമാക്കി. അന്തിമ ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നെയ്മര്‍ പറഞ്ഞത്: ഇത്തിഹാദില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഉണ്ടാവില്ല. ഈ സീസണിലെ ഏറ്റവും വലിയ സ്വപ്‌നവും ചാംപ്യന്‍സ് ലീഗ് കിരീടമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കും. സിറ്റിയെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യും. ജയത്തിനായി ഗ്രൗണ്ടില്‍ മരിക്കേണ്ടി വന്നാല്‍ അതും താന്‍ ചെയ്യുമെന്നും നെയ്മര്‍ മല്‍സരത്തിന് മുന്നോടിയായി പറഞ്ഞു.