ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
'അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്.
റിയാദ്: വിരമിക്കലിന് ശേഷം ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെത്തി ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. കുടുംബ സമേതമാണ് താരം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്.
മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് കൂടെയുള്ളത്. ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഹ്‌സാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്. എന്നാല്‍, ഭര്‍ത്താവ് ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടല്‍ മുറിയില്‍നിന്നുമൊക്കെയുള്ള ചിത്രങ്ങളാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
കഴിഞ്ഞ ജനുവരി 26ന് ഓസ്ട്രേലിയന്‍ ഓപ്പണിലാണ് ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹണ്‍ ബൊപ്പണ്ണയ്ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കിരീടത്തിലൂടെ കരിയര്‍ അവസാനിപ്പിക്കാനുള്ള മോഹങ്ങള്‍ പക്ഷെ ഫൈനലില്‍ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യം തകര്‍ക്കുകയായിരുന്നു. ഫെബ്രുവരി 21ന് നടന്ന ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. അമേരിക്കന്‍ താരം മാഡിസണ്‍ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യയുടെ വെറോണിക്ക കുദര്‍മെറ്റോവ-ല്യൂഡ്മില സാംസണോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്.നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയുടെ മെന്ററാണ് താരം.