പാര്‍ട്ടിയിലെ വിഭാഗീയതയുടെ അടിവേരറുത്ത തന്ത്രശാലി

സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സിപിഎം കടന്നുപോയപ്പോഴെല്ലാം പാര്‍ട്ടിയിലെ മധ്യസ്ഥന്റെ റോള്‍ വഹിക്കാനും അത് വിജയത്തിലെത്തിക്കാനും കോടിയേരി ബാലകൃഷ്ണന് നിഷ്പ്രയാസം സാധിച്ചു.

Update: 2022-10-01 17:41 GMT

കോടിയേരി ബാലകൃഷ്ണന്‍ എന്ന തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ വിയോഗത്തിലൂടെ സിപിഎമ്മിന് നഷ്ടമാകുന്നത് നയതന്ത്രജ്ഞതയോടെ പാര്‍ട്ടിയിലെ വിഭാഗീയതയുടെ അടിവേരറുത്ത തന്ത്രശാലിയെയാണ്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സിപിഎം കടന്നുപോയപ്പോഴെല്ലാം പാര്‍ട്ടിയിലെ മധ്യസ്ഥന്റെ റോള്‍ വഹിക്കാനും അത് വിജയത്തിലെത്തിക്കാനും കോടിയേരി ബാലകൃഷ്ണന് നിഷ്പ്രയാസം സാധിച്ചു.

'പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്ത് സൂക്ഷിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും മുന്‍ഗണന. മറ്റൊരു പരിഗണനയും അതില്‍ ഉണ്ടാകില്ല' 2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉറപ്പാണത്. ഏഴ് വര്‍ഷം പിന്നിട്ടപ്പോള്‍ ആ ഉറപ്പ് പാലിച്ച് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയും സംഘടനശക്തിയും നല്‍കിയാണ് കോടിയേരി സ്വയം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്നത്.

വിഭാഗീയത അതിന്റെ അത്യുന്നതിയില്‍ എത്തിനിന്ന ഘട്ടത്തില്‍ വിഎസ് എന്ന മഹാമേരു പാര്‍ട്ടി വിടുമെന്ന റിപോര്‍ട്ടുകള്‍ പോലും പുറത്തുവന്നെങ്കിലും അദ്ദേഹത്തെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതിലും വിഎസിന്റെ പൊട്ടിത്തെറികളെ സൗമ്യമാക്കിയതിലും കോടിയേരിക്കുള്ള പങ്ക് ചെറുതല്ല. പിണറായിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് ഈ നയതന്ത്രമികവ് പ്രകടിപ്പിച്ചെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. പിണറായി വിജയന്‍ നയിച്ച ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ് എന്ന് അറിഞ്ഞിട്ടും ഏത് ഘട്ടത്തിലും വിഎസിനെ കാണാന്‍ അനുവാദമുള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.പാര്‍ട്ടി പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നതോടൊപ്പം തന്നെ കാര്‍ക്കശ്യമല്ലാത്ത നിലപാടുകളിലൂടെ മുന്നിലിരിക്കുന്നയാളെ കേള്‍ക്കാന്‍ മനസ് കാണിച്ച നേതാവ് കൂടിയാണ് കോടിയേരി.

സിപിഎമ്മില്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ കണ്ണൂര്‍ ലോബി ശക്തിയാര്‍ജിക്കുന്നതും പിണറായി-കോടിയേരി കാലത്തിലാണ്.2006ലെ എല്‍ ഡി എഫ് സര്‍ക്കാരില്‍ അക്ഷരാര്‍ത്ഥത്തില്‍ വി എസ് എന്ന മുഖ്യമന്ത്രിയെ സിപിഐ എം നിയന്ത്രിച്ചത് കോടിയേരി ബാലകൃഷ്ണന്‍ എന്ന ആഭ്യന്തര മന്ത്രിയിലൂടെയായിരുന്നു. എന്നാല്‍ സിപിഎം സമ്മേളനങ്ങളിലും മറ്റുമെല്ലാം പിണറായിയുടെ നിഴലായി നില്‍ക്കുമ്പോഴും കോടിയേരി വി എസിന് നല്‍കിയ ആദരവ് എത്രയോ തവണ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

അക്ഷരാര്‍ത്ഥത്തില്‍ വിഎസിനും പിണറായിയ്ക്കുമിടയില്‍ പ്രവര്‍ത്തിച്ച ഒരു കമ്മ്യൂണിസ്റ്റ് പാലമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 2016 ലെ തെരഞ്ഞെടുപ്പില്‍ വി.എസിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യം ചര്‍ച്ചയായി വന്നപ്പോള്‍ സീതാറാം യെച്ചൂരിയെ ഉള്‍പ്പെടുത്തി വിഎസിനെ അനുനയിപ്പിക്കുന്നതിലും കോടിയേരി വിജയം കണ്ടു.സൗഹൃദം തന്നെയായിരുന്നു ഇതിനെല്ലാം കോടിയേരിയുടെ കൈമുതല്‍. പാര്‍ട്ടിക്കാരോടും എതിരാളികളോടും സൗമ്യമായി ചിരിക്കുന്ന കോടിയേരി പതിവ് കാഴ്ചയാണ്. പൊതുവെ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം കോടിയേരിക്ക് അന്യമായിരുന്നു. മാധ്യമങ്ങളെ എല്ലാ പ്രക്ഷുബ്ദ ഘട്ടങ്ങളിലും ചിരിച്ച് കൊണ്ട് തന്നെയായിരുന്നു കോടിയേരി നേരിട്ടത്.

അപ്രതീക്ഷിതമായി എത്തിയ രോഗംകാരണം അകാലത്തില്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങുമ്പോള്‍ കോടിയേരി എന്ന നേതാവിന്റെ സ്ഥാനം പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഹൃദയത്തില്‍ തന്നെയാണ്.

എതിരാളികള്‍ക്ക് പോലും സ്വീകാര്യമായ നയതന്ത്രങ്ങളും അവ നടപ്പിലാക്കാനുള്ള സംഘടനാകരുത്തുമായിരുന്നു കേരള രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിനെ പ്രസക്തനാക്കിയത്. കാര്‍ക്കശ്യക്കാരായ പാര്‍ട്ടി സെക്രട്ടറിമാരെ കണ്ട് ശീലിച്ച മലയാളിക്ക് കോടിയേരി ഒരു പുത്തന്‍ അനുഭവമായിരുന്നു. ചിരിക്കുകകയും തമാശപറയുകയും സൗമ്യമായി ഇടപെടുകയും ചെയ്ത കോടിയേരി ഏറ്റവും നിര്‍ണായകമായ കാലഘട്ടങ്ങളിലാണ് സിപിഎമ്മിനെ നയിച്ചത്.വിഭാഗീയത തുടച്ചുനീക്കിയതും തുടര്‍ഭരണവും ഉള്‍പ്പടെ അസാധാരണമായ നേട്ടങ്ങളിലേക്ക് പാര്‍ട്ടിയെ എത്തിച്ചതും അദ്ദേഹത്തിന്റെ മിടുക്കിന് സാക്ഷ്യമാണ്.

Tags:    

Similar News