കെ വി തോമസിനെതിരായ നടപടി: അച്ചടക്ക സമിതിയുടെ നിര്‍ണായക യോഗം ഇന്ന്
രാവിലെ 11.30 നാണ് സമിതി യോഗം ചേരുക. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ഇന്നു ചേരും. എ കെ ആന്റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. രാവിലെ 11.30 നാണ് സമിതി യോഗം ചേരുക. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചര്‍ച്ച ചെയ്യും. വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് കെ വി തോമസിനെതിരേ അച്ചടക്കനടപടി പരിഗണിക്കുന്നത്. കെ വി തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും.
അതേസമയം, സിപിഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.