രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍; കെ വി തോമസിനെതിരെ നടപടിയ്ക്ക് അച്ചടക്കസമിതി ശുപാര്‍ശ
സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കും. അതിന് ശേഷം മാത്രമായിരിക്കും നടപടി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ വി തോമസിനെതിരെ സസ്‌പെന്‍ഷന് ശുപാര്‍ശ. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് പാര്‍ട്ടി നടപടി. രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കും. അതിന് ശേഷം മാത്രമായിരിക്കും നടപടി പ്രഖ്യാപിക്കുക. തോമസിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു കെപിസിസിയുടെ നിലപാട്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമമാണ് ഇതെന്നായിരുന്നു കെവി തോമസിന്റെ പ്രതികരണം.
ഏപ്രില്‍ 11ന് ചേര്‍ന്ന അച്ചടക്ക സമിതി യോഗമാണ് കെവി തോമസിനെതിരായ പരാതി പരിശോധിച്ചതും വിശദീകരണം ആവശ്യപ്പെട്ടതും. സിപിഎം സെമിനാറില്‍ പങ്കെടുത്തത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വിഭജന രാഷ്ട്രീയം തുറന്നുകാട്ടാനായിരുന്നെന്നാണ് കെവി തോമസിന്റെ നിലപാട്. കെപിസിസി നേതൃത്വത്തെ വിമര്‍ശിക്കുന്നതിലും കെവി തോമസ് വിശദീകരണം നല്‍കിയിരുന്നു. വിഎം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ മുന്‍ കാലങ്ങളില്‍ പാര്‍ട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു കെവി തോമസ് വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചത്.