ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: ഇടനിലക്കാരന്‍ പോലിസ് പിടിയില്‍
കാലടി സ്വദേശി അബുവിനെയാണ് ആലുവ റൂറല്‍ പോലിസ് പിടികൂടിയിരിക്കുന്നത്. ഇദ്ദേഹത്തെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിനുശേഷം അബുവിന്റെ അറസ്റ്റ് രേഖപെടുത്തുമെന്നാണ് വിവരം. സംഭവം വിവാദമായതോടെ അബു നാട്ടില്‍നിന്നും മുങ്ങിയിരിക്കുകയായിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജ രേഖ ചമച്ചതെന്ന് അബു ചോദ്യം ചെയ്യലില്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം
കൊച്ചി:ആലുവ ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ ഒളിവിലായിരുന്ന ഇടനിലക്കാരന്‍ പോലിസ് പിടിയില്‍.കാലടി സ്വദേശി അബുവിനെയാണ് ആലുവ റൂറല്‍ പോലിസ് പിടികൂടിയിരിക്കുന്നത്. ഇദ്ദേഹത്തെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിനുശേഷം അബുവിന്റെ അറസ്റ്റ് രേഖപെടുത്തുമെന്നാണ് വിവരം. സംഭവം വിവാദമായതോടെ അബു നാട്ടില്‍നിന്നും മുങ്ങിയിരിക്കുകയായിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജ രേഖ ചമച്ചതെന്ന് അബു ചോദ്യം ചെയ്യലില്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം. ഇതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും അബു പോലിസിനോട് പറഞ്ഞതായാണ് അറിയുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരത്തില്‍ വ്യാജ രേഖ ചമയ്ക്കാന്‍ കഴിയില്ലെന്നാണ് പോലിസിന്റെ നിഗനം.
മുട്ടത്ത് ദേശീയ പാതയോട് ചേര്‍ന്ന് കോടികള്‍ വിലയുള്ള തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഫോര്‍ട്ട് കൊച്ചി ആര്‍ഡിയോയുടെയും പേരില്‍ വ്യാജ രേഖ ചമച്ചുവെന്നാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തിയ ഭൂമിയില്‍ ഗോഡൗണുകള്‍ നിര്‍മിച്ചിരുന്നു. ഇവിടെ വീണ്ടും നിര്‍മാണം നടത്താന്‍ സ്ഥലത്തിന്റെ ഉടമ ശ്രമിച്ചപ്പോഴാണത്രെ വിവരം പുറത്താകുന്നത്.ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫിസിലെ സീലും ഒപ്പുംവച്ചായിരുന്നു രേഖയുണ്ടാക്കിയത്. ആര്‍ഡിഒയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ സ്ഥാനത്ത് കമ്മീഷണറേറ്റിലെ രേഖ ഹാജരാക്കിയത് ചൂര്‍ണിക്കര വില്ലേജ് ഓഫീസറാണ് കണ്ടെത്തിയത്. പിന്നീട് ആര്‍ഡിഒയുടെ പേരിലുള്ള വ്യാജ രേഖയും ഹാജരാക്കി. തുടര്‍ന്ന്് ചൂര്‍ണിക്കര വില്ലേജ് ഓഫിസര്‍ ലാന്റ് റവന്യുകമ്മീഷണറേറ്റില്‍ വിവിരം ധരിപ്പിച്ചു.കമ്മീഷണറേറ്റ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആലുവ ഈസ്റ്റ് പോലീസിന് കൈമാറുകയും ചെയ്തു. കേസില്‍ വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്.
ആലുവ റൂറല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതു കൂൂതെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ ചൂര്‍ണിക്കരയിലെ ഫോര്‍ട് കൊച്ചി ആര്‍ഡി ഓഫിസിലെയും രേഖകള്‍ പരിശോധിക്കുകയും ഉദ്യാഗസ്ഥരുടെ മൊഴി രേഖപെടുത്തുകയും ചെയ്തിരുന്നു. ഇടനിലക്കാരനായ അബുവിന് ഏഴു ലക്ഷം രൂപ നല്‍കിയതായി തൃശൂര്‍ സ്വദേശിയായ സ്ഥലം ഉടമയുടെ ഫോണ്‍ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.