ബിഹാര്‍ വിഷമദ്യ ദുരന്തം: ബിഹാറില്‍ മദ്യ നിരോധന നിയമം പുനപരിശോധിക്കുന്നു
മദ്യ നിരോധന നയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്
പട്‌ന: വിഷമദ്യ ദുരന്തമുണ്ടായതിനു പിന്നാലെ ബിഹാര്‍ സര്‍ക്കാര്‍ മദ്യ നിരോധന നിയമം പുനപരിശോധിക്കുന്നു. മദ്യ നിരോധന നയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ അന്‍പതിലേറെ പേര്‍ വിഷമദ്യം കഴിച്ചു മരിച്ച സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചയ്ക്ക് തീരുമാനിച്ചത്. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ മദ്യനിരോധന നിയമം പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തിയിരുന്നു. വിഷമദ്യ ദുരന്തത്തിനിടയാക്കിയ മദ്യനിരോധന നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകക്ഷിയില്‍പ്പെട്ട ബിജെപിയും നിതീഷ് കുമാറിന്റെ മദ്യ നയത്തെ പരോക്ഷമായി വിമര്‍ശിച്ചു.പോലിസിന്റെ സഹായത്തോടെയാണ് ചമ്പാരന്‍ മേഖലയില്‍ വ്യാജമദ്യ വില്‍പന നടക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ കുറ്റപ്പെടുത്തി. ബിഹാറില്‍ മദ്യനിരോധനം നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് അനധികൃത മദ്യം സുലഭമാണ്. പോലിസിന്റെ അറിവോടെയാണു മദ്യക്കടത്തും മദ്യവില്‍പനയും നടക്കുന്നത്. വ്യാജ മദ്യ മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും പോലിസും തയാറാകാത്തതാണ് മദ്യനിരോധനം പരാജയപ്പെടാന്‍ കാരണം. സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാനാണ് 2016ല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യനിരോധനം കൊണ്ടുവന്നത്.