കൊച്ചിയില്‍ ബസ് മറിഞ്ഞ് അപകടം; ബൈക്ക് യാത്രക്കാരന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2024-06-23 08:32 GMT

കൊച്ചി: കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരിച്ചത്. സിഗ്‌നലില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാന്‍ കാരണമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.

മാടവന സിഗ്‌നനലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ തെന്നി മറിയുകയായിരുന്നു. സിഗ്‌നല്‍ ജംങ്ഷനില്‍ മറുവശത്തേക്ക് പോകാന്‍ ബൈക്കില്‍ കാത്തുനിന്നിരുന്ന ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസ് ഫയര്‍ ഫോഴ്‌സും എത്തിയാണ് ബസിനിടയില്‍ കുടുങ്ങിക്കിടന്ന ജിജോ സെബാസ്റ്റ്യനെ പുറത്തെടുത്തത്.



ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12പേരുടെ നില ഗുരുതരമല്ല. അപകടത്തില്‍പ്പെട്ട ബസ് നീക്കി ഒരു മണിക്കൂറിനുശേഷം ദേശീയ പാതയിലെ വാഹന ഗതാഗതം പുനസ്ഥാപിച്ചു. കൊല്ലം സ്വദേശി അഞ്ജലി, ആലപ്പുഴ സ്വദേശി ഏലിയാസ്, കൊല്ലം സ്വദേശികളായ ലിസ, അശ്വിന്‍, അങ്കിത, കണ്ണണൂര്‍ സ്വദേശി ആര്യ, ആലപ്പുഴ സ്വദേശി അനന്ദു, ഇതര സംസ്ഥാനത്തുനിന്നുള്ള രവികുമാര്‍, മാവേലിക്കര സ്വദേശി ശോഭ, ആലപ്പുഴ സ്വദേശി ചന്ദ്രന്‍ പിള്ള, ചന്ദ്രന്‍ പിള്ളിയുടെ മകള്‍ ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്.







Similar News