ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത; നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (CrPC), ഇന്ത്യന്‍ തെളിവ് നിയമം എന്നിവ ഇതോടെ ചരിത്രമാകും. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സിആര്‍പിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബിഎസ്എ) നിലവില്‍ വരും.
ഇന്ന് അര്‍ധരാത്രിക്കുശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിനുമുന്‍പുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂര്‍ത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും.
സീറോ എഫ്‌ഐആര്‍, പൊലീസ് പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യല്‍, ഇലക്ട്രോണിക് സമന്‍സ്, ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളാണ്. ഐപിസിക്ക് പകരമെത്തുന്ന ഭാരതിയ ന്യായ് സന്‍ഹിത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വലിയ പ്രധാന്യം നല്‍കുന്നു.
വഞ്ചനയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് സെക്ഷന്‍ 69 പ്രകാരം കടുത്തശിക്ഷ ലഭിക്കും. സെക്ഷന്‍ 150ന് കീഴില്‍വരുന്ന രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടും. ഒരാളുടെ അശ്രദ്ധമൂലം മറ്റൊരാള്‍ മരണപ്പെട്ടാല്‍ സെക്ഷന്‍ 106 പ്രകാരം അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ആള്‍ക്കുട്ട കൊലപാതകത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയും പുതിയ നിയമം വിഭാവനം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. പിന്നീട് ഡിസംബര്‍ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബര്‍ 25ന് രാഷ്ട്രപതി അംഗീകാരം നല്‍കി. അതേസമയം പ്രതിപക്ഷത്ത് നിന്നുള്ള വലിയൊരു വിഭാഗം അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിനാല്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയോ ഫലപ്രദമായ ചര്‍ച്ചയോ ഇല്ലാതെയാണ് മൂന്ന് നിയമങ്ങളും പാസാക്കിയത്. അതിനാല്‍ തന്നെ പുതിയ നിയമം നടപ്പാക്കുന്നതില്‍ നിരവധി വിമര്‍ശനങ്ങളും നിലവിലുണ്ട്.