കോംഗോ: തെക്കുപടിഞ്ഞാറന്‍ കോംഗോയില്‍ പടര്‍ന്ന് പിടിച്ച് 'ബ്ലീഡിംഗ് ഐ വൈറസ്' എന്ന അജ്ഞാത രോഗം. ഇതുവരെ 150 ഓളം പേര്‍ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവംബര്‍ 10 നും 25 നുമിടയില്‍ കോംഗോ യിലെ പാന്‍സി ഹെല്‍ത്ത് സോണിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇന്‍ഫ്‌ലുവന്‍സയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളാണ് ഈ അജ്ഞാത രോഗത്തിനുള്ളത്.
കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളര്‍ച്ച എന്നിവയാണ് ഈ അജ്ഞാത രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ചികിത്സയുടെ അഭാവം മൂലം നിരവധി രോഗികള്‍ അവരുടെ വീടുകളില്‍ തന്നെ മരണപ്പെടുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി അപ്പോളിനൈര്‍ യുംബ പറഞ്ഞു. അതേസമയം രോഗം നിര്‍ണ്ണയിക്കാന്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു മെഡിക്കല്‍ ടീമിനെ പാന്‍സി ഹെല്‍ത്ത് സോണിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മരണസംഖ്യ 67 മുതല്‍ 143 വരെയുണ്ടെന്ന് ഡെപ്യൂട്ടി പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍ റെമി സാക്കി പറഞ്ഞു. സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പ്രശ്‌നം നിര്‍ണ്ണയിക്കുന്നതിനുമായി ഒരു കൂട്ടം എപ്പിഡെമിയോളജിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുള്ളതായും റെമി സാക്കി പറയുന്നു. അതേസമയം കഴിഞ്ഞ ആഴ്ചയാണ് രോഗം കണ്ടെത്തിയതെന്നും കൂടുതല്‍ ഗവേഷണം നടത്താന്‍ യുഎന്‍ ആരോഗ്യ ഏജന്‍സി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു.