
തേഞ്ഞിപ്പലം: ജമ്മു കശ്മീരില്‍ മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ പാലപ്പെട്ടിപ്പാറ ഇരുമ്പന്‍ കുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെയും ശാന്തയുടെയും മകന്‍ പള്ളിക്കര നിധീഷ് (31) ആണ് ഇന്നലെ മരിച്ചത്.
നിധീഷിന്റെ ഭാര്യ കെ.റിന്‍ഷ (31) ചൊവ്വാഴ്ച ജമ്മുവില്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുമ്പന്‍കുടുക്കില്‍ എത്തിച്ചു സംസ്‌കരിച്ചു. തുടര്‍ന്നു മണിക്കൂറുകള്‍ക്കകമാണ്, നിധീഷ് മരിച്ചതായി ജമ്മുവില്‍നിന്നു വിളിയെത്തിയത്. കണ്ണൂര്‍ പിണറായിയില്‍ തയ്യില്‍ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണു മരിച്ച റിന്‍ഷ. നിധീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
ജമ്മു കശ്മീരിലെ സാംപയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മദ്രാസ് 3 റജിമെന്റില്‍ 13 വര്‍ഷമായി നായിക് തസ്തികയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസില്‍ സിപിഒ തസ്തികയില്‍ ട്രെയിനി ആയിരുന്നു റിന്‍ഷ. നിധീഷ് ഡിസംബറില്‍ അവധിക്കു വന്നപ്പോള്‍ റിന്‍ഷ ഒപ്പം ജമ്മുവിലേക്കു പോയതായിരുന്നു.നിധീഷിന്റെ സഹോദരങ്ങള്‍: സുര്‍ജിത്ത് (ഏരിയ മാനേജര്‍, മുത്തൂറ്റ് മൈക്രോഫിന്‍), അഭിജിത്ത് (സൂപ്പര്‍വൈസര്‍, റിലയന്‍സ് വെയര്‍ ഹൗസ്). റിന്‍ഷയുടെ സഹോദരങ്ങള്‍: സുഭിഷ, സിന്‍ഷ.