കോളജിലെ ബാറ്ററി മോഷണം; എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കളടക്കം ഏഴുപേര്‍ അറസ്റ്റില്‍
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് സ്വദേശി ആത്തീഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ നന്മണ്ട സ്വദേശി ആദര്‍ശ് രവി, പുല്ലാര സ്വദേശി നിരഞ്ജ് ലാല്‍, മഞ്ചേരി സ്വദേശി അഭിഷേക്, വിദ്യാര്‍ഥികളായ പന്തല്ലൂര്‍ സ്വദേശി ഷാലിന്‍ ശശിധരന്‍, പാണ്ടിക്കാട് സ്വദേശി ജിബിന്‍ എന്നിവരാണ് പിടിയിലായത്.
മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ 11 ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ മോഷണംപോയ സംഭവത്തില്‍ എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് സ്വദേശി ആത്തീഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരായ നന്മണ്ട സ്വദേശി ആദര്‍ശ് രവി, പുല്ലാര സ്വദേശി നിരഞ്ജ് ലാല്‍, മഞ്ചേരി സ്വദേശി അഭിഷേക്, വിദ്യാര്‍ഥികളായ പന്തല്ലൂര്‍ സ്വദേശി ഷാലിന്‍ ശശിധരന്‍, പാണ്ടിക്കാട് സ്വദേശി ജിബിന്‍ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇസ്‌ലാമിക് ഹിസ്റ്ററി, ഉര്‍ദു, കെമിസ്ട്രി വിഭാഗങ്ങളിലാണ് മോഷണം നടന്നത്. ജൂണ്‍ 27, 30, ജൂലായ് രണ്ട് എന്നീ തീയതികളിലാണ് മോഷണം നടന്നതെന്ന് പോലിസ് കണ്ടെത്തി.
മോഷ്ടിച്ച ബാറ്ററികള്‍ മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലെ ആക്രിക്കടകളില്‍ വിറ്റു പണമാക്കി. ഈ തുക ഇവര്‍ ചെലവാക്കിയെന്ന് പോലിസ് അറിയിച്ചു. കോളേജില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റിങ്ങിലാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് പോലിസില്‍ പരാതിനല്‍കി. സുരക്ഷാജീവനക്കാരനെയും സംശയമുള്ള വിദ്യാര്‍ഥികളെയും ചോദ്യംചെയ്തതോടെയാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ്‌ചെയ്തു. കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണെന്ന് സിഐ ജോബി തോമസ് അറിയിച്ചു.
ഏകദേശം ഒരുലക്ഷം രൂപ വിലവരുന്ന ബാറ്ററികളാണ് മോഷ്ടിച്ചത്. 11 ബാറ്ററികളില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നതും അഞ്ചെണ്ണം പ്രവര്‍ത്തനരഹിതവുമാണ്. ആദ്യം പ്രവര്‍ത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. പിന്നീട് മറ്റുള്ളതും മോഷ്ടിച്ചു. ഓരോ ബാറ്ററിയും 1500 മുതല്‍ 3000 രൂപയ്ക്കു വരെയാണ് വിറ്റത്.