കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ (കെ.കരുണാകരന്‍ നഗര്‍) അധ്യക്ഷന്‍ കെ സുധാകരന്‍ എംപി രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക.
കോഴിക്കോട്: കെപിസിസി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് കോഴിക്കോട് ഇന്നു തുടക്കം. കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ (കെ.കരുണാകരന്‍ നഗര്‍) അധ്യക്ഷന്‍ കെ സുധാകരന്‍ എംപി രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക.
10ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. ചിന്തന്‍ ശിബിരത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. എഐസിസി ഉദയ്പൂരില്‍ സംഘടിപ്പിച്ച മാതൃകയിലാണാണ് കേരളത്തിലും ചിന്തന്‍ ശിബിരം നടക്കുക.
കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയും നടത്തും. പ്രത്യേക കലണ്ടര്‍ തയാറാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിക്കും. കാലാനുസൃതവും സമൂലവുമായ നവീകരണം, ജാതിമത ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങള്‍ നല്‍കല്‍ എന്നിവ ചര്‍ച്ചയാകും. അഞ്ച് കമ്മിറ്റികളാണ് ചിന്തന്‍ ശിബിരത്തിന്റെ ചര്‍ച്ചാ വിഷയങ്ങള്‍ തയാറാക്കുന്നത്.
എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കോഴിക്കോടന്‍ ചരിത്രവും സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും വിട പറഞ്ഞ കോണ്‍ഗ്രസിലെ പ്രമുഖരെയും മിഠായിതെരുവിന്റെ പുനരാവിഷ്‌ക്കാരവും ഉള്‍കൊള്ളുന്ന ചിത്രങ്ങളാല്‍ സമ്മേളന നഗരിയുടെ ചുമരുകള്‍ സമ്പന്നമാക്കിയിട്ടുണ്ട്. ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി ഇന്നലെ സാംസ്‌കാരിക സദസ് നടന്നു.