മരിച്ചനിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു
നേരത്തേ ഇരുവരും ഒളിച്ചോടിയതിനെ തുടര്‍ന്ന് ദേവികയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു
ആലപ്പുഴ: ചെന്നിത്തലയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുമാസം ഗര്‍ഭിണിയായ മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസി(20)നാണു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിന്(30) രോഗമില്ലെന്നാണു കണ്ടെത്തല്‍. ദേവികയ്ക്കു എവിടെനിന്നാണ് രോഗം ബാധിച്ചതെന്നതു വ്യക്തമല്ല. ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ മെയ് ആറിനാണു വിവാഹിതരായത്. തുടര്‍ന്ന് ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ ജിതിന്‍ ജേക്കബ് ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജോലിക്ക് എത്താതിരുന്നതോടെ
സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിന്‍ ജേക്കബ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. വീട്ടുവാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു.
നേരത്തേ ഇരുവരും ഒളിച്ചോടിയതിനെ തുടര്‍ന്ന് ദേവികയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജിതിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജിതിനൊപ്പം പോവാന്‍ ദേവിക താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 18 വയസ്സ് തികയാത്തതിനെ തുടര്‍ന്ന് ദേവികയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായാണു പോലിസ് പറയുന്നത്. അതിനിടെ, മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ മാന്നാര്‍ പോലിസ് സ്‌റ്റേഷനിലെ പോലിസുകാരോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Covid confirmed his wife that the newly weds were found dead