സിപിഎം മേയര്‍ ആര്‍എസ്എസ് വേദിയില്‍; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന് വിമര്‍ശനം, വിവാദം
ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.
കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് സിപിഎമ്മിന്റെ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. ചടങ്ങില്‍ നടത്തിയ പരാമര്‍ശങ്ങളും കടുത്ത വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമര്‍ശമാണ് വിവാദത്തിലായത്.
ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കേരളത്തെ മോശമാക്കി കൊണ്ടുള്ള സിപിഎം മേയറുടെ പരാമര്‍ശം. 'പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം'.-മേയര്‍ പറഞ്ഞു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം. അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും'- മേയര്‍ പറഞ്ഞു.
സംസ്ഥാനത്താണ് ഏറ്റവും മികച്ച ശിശു സംരക്ഷണം ഉള്ളതെന്ന് പൊതുവേ എല്ലാവരും സമ്മതിക്കുമ്പോഴാണ് ഈ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലായത്.
അതിനിടെ, ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം ആര്‍എസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയര്‍ മോദി യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.