കൈകൂപ്പി, മാരാരെ പുകഴ്ത്തി, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ആര്‍എസ്എസ് വേദിയില്‍
തിരുവനന്തപുരം: സിപിഎം എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം മുഖ്യാതിഥിയായി വേദി പങ്കിട്ടത് വിവാദമാവുന്നു. ജന്‍മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ രചിച്ച 'കെ ജി മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' പുസ്തക പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ.കെ കെ ബാലറാം ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത്. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിലാണ് പരിപാടി നടന്നത്. ബിജെപി നേതാവ് കെ ജി മാരാരെ പുകഴ്ത്തി ജോണ്‍ ബ്രിട്ടാസ് ചടങ്ങില്‍ സംസാരിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കെ ജി മാരാര്‍ രാഷ്ട്രീയ സൗഹൃദത്തിനുടമയായിരുന്നു.
കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക്, മുസ്‌ലിംകളായ തടവുകാര്‍ക്ക്, നമസ്‌കരിക്കാന്‍ പാ വിരിച്ച് നല്‍കിയ വ്യക്തിയാണ് കെ ജി മാരാര്‍. എന്നാല്‍, ഇപ്പോല്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. വ്യക്തിപരമായ ആക്ഷേപങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. കുടുംബങ്ങളെ പോലും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് ഇപ്പോളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ കെ ബാലറാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ളയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. ജനം ടിവി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവാണ് പുസ്തകം പരിചയപ്പെടുത്തിയത്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ കുഞ്ഞിക്കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ജന്‍മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്‌സ് എംഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കെ രാമന്‍പിള്ള, പി കെ കൃഷ്ണദാസ്, പ്രഫ. വി ടി രമ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ പേര് നോട്ടീസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയിലുള്ള പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്ന വിമര്‍ശനങ്ങള്‍ പലഘട്ടത്തിലുമുയര്‍ന്നിട്ടുണ്ട്.
കെ റെയിലിനെതിരേ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയടക്കം പങ്കെടുപ്പിച്ചതില്‍ ഇടത് കേന്ദ്രങ്ങളില്‍ വ്യാപക പരിഹാസമുയരുന്നതിനിടെയാണ് മുന്‍ മാധ്യമ ഉപദേഷ്ടാവുകൂടിയായ ജോണ്‍ ബ്രിട്ടാസ് ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നത്. കൈകോര്‍ത്ത് ബിജെപി- യുഡിഎഫ്- ആര്‍എംപി സഖ്യമെന്ന നിലയില്‍ ദേശാഭിമാനിയുള്‍പ്പെടെ സമരത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് വേദിയിലെത്തി കെ ജി മാരാരെ പുകഴ്ത്തി സംസാരിച്ച ജോണ്‍ ബ്രിട്ടാസിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കളാണ് രൂക്ഷവിമര്‍ശനവുമാണ് രംഗത്തുള്ളത്.
പണ്ട് ഈ മാരാരുടെ സഹായത്താല്‍ സംഘപരിവാര്‍ വോട്ടുവാങ്ങിയാണ് ബ്രിട്ടാസിന്റെ ആശാന്‍ വിജയന്‍ കൂത്തുപറമ്പില്‍നിന്ന് ജയിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. സംഘപരിവാര്‍ നേതാക്കളല്ലാതെ ആ വേദിയില്‍ ബ്രിട്ടാസ് മാത്രമായിരുന്നുണ്ടായിരുന്നതെന്ന് പറയുന്നതില്‍ പ്രസക്തിയില്ല. കാരണം തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലല്ലോ എന്നും രാഹുല്‍ ചോദിച്ചു. എന്റെ കൗതുകം ഈ വിഷയത്തില്‍ കെ സുധാകരനെ വിമര്‍ശിച്ച സഖാവ് എഎ റഹിം (അഖിലേന്ത്യാ പ്രസിഡന്റ്) എന്ത് പറയുമെന്നാണ്- രാഹുല്‍ കുറിച്ചു.
പിണറായി എന്തുകൊണ്ട് മോദിക്കെതിരേ പറയുന്നില്ല എന്നതിന്റെ തെളിവാണ് ഈ സൗഹൃദമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. കെ ജിമാരാരെ പോലെയുള്ള തനി സംഘിയെ വൈറ്റ് വാഷ് അടിച്ച് വെളുപ്പിക്കുന്നത് സിപിഎം രാജ്യസഭാ എംപി സംഘാവ് ജോണ്‍ ബ്രിട്ടാസ്. നാളെ ഭീരു സവര്‍ക്കെറെ വെള്ളപൂശാന്‍ ബ്രിട്ടാസ് തന്നെ പോവുമായിരിക്കും. പണ്ട് സംഘികള്‍ക്ക് പിന്തുണ കൊടുത്ത് ഒന്നിച്ച് ഭരിച്ചതിന്റെയും ഓര്‍മകള്‍ ഇപ്പോള്‍ ബ്രിട്ടാസിലൂടെ പുറത്തുവരുമ്പോള്‍ ഈ ബാന്ധവം പിണറായിയുടെ അറിവോടെയാണെന്ന് അരി ആഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നു.