തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു; കേന്ദ്രമന്ത്രി ചിട്ടപ്പെടുത്തിയ ബിജെപിയുടെ തീം സോങ്ങ് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു പറഞ്ഞു.
കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബിജെപി തയ്യാറാക്കിയ തീം സോങിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ചിട്ടപ്പെടുത്തിയ ഗാനത്തിനാണു വിലക്ക്. തീം സോങിന്റെ ഉള്ളടക്കത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുന്നോട്ട് വന്നതിനു പിന്നാലെയാണ് നടപടി.
ഗാനത്തിനു മുന്‍കൂര്‍ അനുമതിയുണ്ടായിരുന്നില്ലെന്നും അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പലയിടത്തും ഇതുപയോഗിച്ചു കണ്ടെന്നും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് ബസു പറഞ്ഞു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതു പെരുമാറ്റച്ചട്ട ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത് ചക്രബര്‍ത്തി എഴുതിയ ഗാനത്തില്‍ ബംഗാളില്‍ താമര വിരിയുന്നതായും തൃണമൂല്‍ കോണ്‍ഗ്രസിനോട് 'നോ' പറയുന്നതായും കാണിക്കുന്നുണ്ട്. 'ഈ തൃണമൂല്‍ കോണ്‍ഗ്രസ് ഇനിയുണ്ടാവില്ല' എന്ന വാചകത്തോടെ ഈ ഗാനം സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു.